യുവതിയെ മരിച്ച നിലയില്‍ കണ്ടത് കൊലപാതകം; വഴിത്തിരിവായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം മൈനാഗപ്പള്ളിയിലെ യുവതിയുടെ മരണം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം മൈനാഗപ്പള്ളി ശ്യാമയെ (27) ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണ് എന്ന് തെളിഞ്ഞതാണ് വഴിത്തിരിവായത്.
കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.ശ്യാമയുടെ ഭര്‍ത്താവ് രാജീവ് അറസ്റ്റിലായിട്ടുണ്ട്. തലയിടിച്ച് വീണാണ് ഭാര്യ മരിച്ചത് എന്നാണ് രാജീവ് പറഞ്ഞിരുന്നത്. പോലീസ് ഇയാളെ നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
വീടിന് അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന ദിവസമാണ് കൊല നടന്നത്. ഭാര്യ തലയിടിച്ചുവീണതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം വേണം എന്നാണ് രാജീവ് നാട്ടുകാരോട് പറഞ്ഞത്. ശ്യാമയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പരിശോധിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. കുത്തിപ്പിടിച്ച പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ശ്യാമ വീട്ടില്‍ തലയിടിച്ചുവീണു എന്ന് മാത്രമായിരുന്നു രാജീവിന്റെ മറുപടി. ആശുപത്രിയില്‍ എത്തുമ്പോള്‍ പ്രതിയും സുഹൃത്തുക്കളും അമിതമായി മദ്യപിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിയ പോലീസുകാരോട് ഡോക്ടര്‍മാര്‍ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചു. പോലീസും അസ്വാഭാവികത മണത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here