സരിത പണം പലിശക്ക് കൊടുത്തു; താമസം ആഡംബരത്തില്‍; പാപ്പച്ചന്‍ കൊലപാതകത്തില്‍ എല്ലാം അരിച്ചുപെറുക്കി പോലീസ്
മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ കൊല്ലം ബ്രാഞ്ച് മാനേജര്‍ സരിത കൊല്ലപ്പെട്ട പാപ്പച്ചനില്‍ നിന്നും തട്ടിയെടുത്ത പണം പലിശക്ക് നല്‍കിയതായി പോലീസ് കണ്ടെത്തല്‍. പാപ്പച്ചന്റെ നിക്ഷേപത്തില്‍ നിന്നും തട്ടിയെടുത്ത പണത്തില്‍ 21 ലക്ഷത്തോളം രൂപ ക്വട്ടേഷന്‍ സംഘം പ്രതിഫലമായും ഭീഷണിപ്പെടുത്തിയും സരിതയില്‍ നിന്നും തട്ടിയെടുത്തു. ബാക്കി തുക എങ്ങനെ ചിലവഴിച്ചു എന്നതിലാണ് പോലീസ് പരിശോധന പുരോഗമിക്കുന്നത്. ഇതിനായി പ്രതികളെ വിശദമായി അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
സരിതയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. പ്രതിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നും ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാട് രേഖകളും പണം പലിശക്ക് നല്‍കിയ രേഖകളും പോലീസ് കണ്ടെത്തി. ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. പാപ്പച്ചന്റേതിന് സമാനമായി സരിത മറ്റ് നിക്ഷേപകരില്‍ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും പരിശോധന നടക്കുന്നുണ്ട്.
ഇന്നലെ ഉച്ചയോടെ സരിതയുടെ തേവള്ളി മൃഗാശുപത്രിക്ക് സമീപത്തെ വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. മാസം ഇരുപതിനായിരം രൂപ വാടക നല്‍കിയിരുന്ന ഇരുനില വീട്ടിലായിരുന്നു സരിതയുടെ താമസം. എല്ലാ മുറികളിലും എസിയും മറ്റ് ആഡംബരങ്ങളുമായാണ് സരിതയുടേയും കുടുംബത്തിന്റേയും താമസം. രണ്ട് മണിക്കൂറോളം പോലീസ് ഇവിടെ പരിശോധന നടത്തി. വീട്ടുടമസ്ഥന്റെ മൊഴിയും രേഖപ്പെടുത്തി.
കേസിലെ മറ്റൊരു പ്രതിയായ അനൂപിന്റെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ തെളിവെടുപ്പ് മിനിറ്റുകള്‍ മാത്രമാണ് നീണ്ടു നിന്നത്. അഭിഭാഷക കൂടിയായ സരിതയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പിടിക്കപ്പെടും എന്ന സ്ഥിതി എത്തിയപ്പോള്‍ എൺപതുകാരനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതും. ഇതിന് സഹായം നല്‍കുകയാണ് അനൂപ് ചെയ്തത്.
നിക്ഷേപത്തിന് മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ പേരില്‍ പാപ്പച്ചന് നല്‍കിയ രേഖകള്‍ വ്യാജമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥാപനവും രേഖാമൂലം പരാതി നല്‍കുമെന്നാണ് വിവരം. മെയ് 23നാണ് പാപ്പച്ചന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. സൈക്കിളില്‍ കാര്‍ ഇടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ അപകടമരണമായി കരുതിയ കേസില്‍ പാപ്പച്ചന്റെ മകള്‍ പരാതി ഉന്നയിച്ചതോടെയാണ് വിശദ അന്വേഷണം നടന്നതും കൊലപാതകമാണെന്ന് തെളിഞ്ഞതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here