ഖജനാവിലെ പണം മുടക്കി എംഡിമാർക്ക് കൂടിച്ച് കൂത്താടണം; കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽസ് കമ്പിനി രണ്ടരക്കോടി നഷ്ടത്തിൽ; ക്ലബ് മെംബർഷിപ്പിന് 14 ലക്ഷം
ആര്‍.രാഹുല്‍
തിരുവനന്തപുരം: കേരളത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് മീറ്റർ കമ്പനി എന്നറിയപ്പെടുന്ന കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്. ഇതിൻ്റെ മാനേജിംഗ് ഡയറക്ടർ എസ്.ആർ വിനയകുമാറിനെയാണ് കഴിഞ്ഞ ദിവസം ലക്ഷങ്ങൾ വെച്ച് ചീട്ട് കളിച്ചതിന് ട്രിവാൻഡ്രം ക്ലബിൽ നിന്നും പോലീസ് പിടികൂടിയത്. വർഷങ്ങളായി കോടികൾ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ എംഡി ക്ലബിൽ അംഗത്വം എടുത്തിരിക്കുന്നത് സ്വന്തം പേരിലല്ല എന്നതാണ് വിരോധാഭാസം. 18 ശതമാനം ജിഎസ് ടി അടക്കം13,60,000 രൂപ ചെലവാക്കി പൊതുമേഖലാ സ്ഥാപനത്തിൻ്റെ പേരിലെടുത്ത ഇൻസ്റ്റിറ്റ്യൂഷണൽ മെംബർഷിപ്പിലെ രണ്ട് നോമിനികളിൽ ഒരാളാണ് വിനയകുമാർ. 2016ൽ എടുത്ത അംഗത്വത്തിൽ മറ്റൊരു നോമിനി സ്ഥാപനത്തിൻ്റെ ചെയർമാനായ ബിനോയ് ജോസഫ് ആണ്. 2022-2023 വർഷത്തിൽ രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം രൂപയാണ് (2,68,58,000 )യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിൻ്റെ പ്രവർത്തന നഷ്ടം എന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ നൽകിയ രേഖകൾ തന്നെ വ്യക്തമാക്കുന്നു.
മുണ്ട് മുറുക്കിയുടുക്കാൻ സർക്കാർ ആവശ്യപ്പെട്ട് നികുതിഭാരം ഉൾപ്പെടെ അടിച്ചേൽപ്പിച്ച് ജനങ്ങളെ പിഴിയുമ്പോഴാണ് ഇത്തരത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേലാളൻമാർക്ക് കുടിച്ച് കൂത്താടാൻ സർക്കാർ പണം നൽകുന്നത്. ഇതിനെല്ലാം സർക്കാർ അനുമതിയുണ്ടോ? മറ്റെതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തിൽ വിവിധ ക്ലബുകളിൽ ഇൻസ്റ്റിറ്റ്യൂഷണൽ മെംബർഷിപ്പ് ഉണ്ടോ? എന്നതടക്കം അറിയാൻ വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പരിശോധിച്ച് പറയാം എന്ന മറുപടിയാണ് മാധ്യമ സിൻഡിക്കറ്റിന് ലഭിച്ചത്. പിന്നീട് പല തവണ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവാൻ വിളിച്ചെങ്കിലും പ്രതികരിക്കാൻ മന്ത്രിയുടെ ഓഫീസ് തയ്യാറായില്ല.
ക്ലബുകളുടെ മെംബർഷിപ്പ് ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ല. കാരണം മുമ്പും ലക്ഷങ്ങൾ ചിലവാക്കി തലസ്ഥാനത്തെ തന്നെ ട്രിവാൻഡ്രം ടെന്നീസ് ക്ലബിൽ മറ്റൊരു പൊതുമേഖലാ സ്ഥാപനം മെംബർഷിപ്പ് എടുത്തിരുന്നു. കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് കോവിഡ് കാല പർച്ചേസിൻ്റെ പേരിൽ ആരോപണം നേരിട്ട സ്ഥാപനമായ കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ് ടെന്നീസ് ക്ലബിൽ ചെയര്‍മാനും എംഡിക്കുമായി മെംബർഷിപ്പ് എടുത്തിട്ടുള്ളത്. മെംബർഷിപ്പ് ഫീസും മാസവരി ഫീസുമായി ടെന്നിസ് ക്ലബിന് നൽകിയത് ആകെ 19, 13,700 രൂപയാണ്. ടെന്നിസ് ക്ലബ്ബിൽ സർക്കാർ സ്ഥാപനങ്ങൾ അംഗത്വം എടുക്കാറില്ല. ഇതിനായി പ്രത്യേക ഫണ്ടും സർക്കാർ നൽകാറില്ല. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് 2017 ഏപ്രിലിൽ മെഡിക്കൽ സർവിസ് കോർപറേഷൻ ഇൻസ്റ്റിറ്റ്യൂഷണൽ അംഗത്വം എടുത്തത്. എന്നാൽ നിയമസഭയിൽ ഇത് സംബസിച്ച് ചോദിച്ച ചോദ്യങ്ങളിൽ നിന്നും പരിശോധിച്ച് മറുപടി പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ചെയ്തത്.
കേരളത്തിലെ 42 പൊതു മേഖലാ സ്ഥാപനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്നത് 21 എണ്ണം മാത്രമാണെന്ന് 2022 ലെ സാമ്പത്തിക അവലോകന റിപ്പോർട്ടും വ്യവസായ മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടികളും വ്യക്തമാക്കുന്നു. എന്നിട്ടും ജനങ്ങളുടെ നികുതിപ്പണത്തിൽ പ്രവർത്തിക്കുന്നതും നഷ്ടത്തിലായതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാർക്കും ചെയർമാൻമാർക്കും കുടിച്ച് കൂത്താടാനും ചൂതാടാനും ലക്ഷങ്ങൾ പൊടിക്കുകയാണ് സംസ്ഥാന സർക്കാർ. അതിന് അവസരമൊരുക്കുമ്പോഴും സർക്കാർ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്; “സംസ്ഥാനം കടക്കെണിയിലാണ് പൊതുജനം മുണ്ട് മുറുക്കിയുടുക്കണം” എന്ന്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here