കൊച്ചുമകന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് ചെന്നിത്തല; രോഹന്റെ വിദ്യാരംഭം കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെ കൊച്ചുമകന് വിദ്യാരംഭം. കൊല്ലൂര്‍ മൂകാംബികാ ദേവി ക്ഷേത്ര സന്നിധിയിലാണ് ഇന്ന് വിദ്യാരംഭം നടന്നത്. ചെന്നിത്തലയുടെ മൂത്ത മകന്‍ ഡോ. രോഹിത്തിന്‍റെ മകനായ രോഹനെയാണ് എഴുത്തിനിരുത്തിയത്. അടുത്ത മാസമാണ് മഹാനവമി-വിജയദശമി ആഘോഷങ്ങള്‍. ഉത്സവത്തിന് കൊല്ലൂരില്‍ തുടക്കമായിരിക്കുകയാണ്. ഈ സമയം തന്നെയാണ് കൊച്ചുമകന്റെ വിദ്യാരംഭത്തിനും തിരഞ്ഞെടുത്തത്.
ഡോ. രോഹിതും ഭാര്യ ശ്രീജയുമാണ് ചെന്നിത്തലയ്ക്ക് ഒപ്പം മണ്ഡപത്തില്‍ ഇരുന്നത്. രോഹനെ മടിയില്‍ ഇരുത്തിയാണ് ചെന്നിത്തല ആദ്യാക്ഷരങ്ങള്‍ എഴുതിച്ചത്. ചടങ്ങിന് സാക്ഷിയായി ഭാര്യ അനിതയും ഒപ്പം നിന്നു. കൊച്ചുമകനെ എഴുത്തിനിരുത്തിയ വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല പുറത്തുവിട്ടത്. ചിത്രങ്ങളും കുറിപ്പും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
അറിവിന്റെ ലോകത്തേക്ക് അക്ഷരങ്ങളുടെ പിച്ച വെച്ച് കൊച്ചുമകന്‍ രോഹന് ഇന്ന് വിദ്യാരംഭം എന്നാണ് ചെന്നിത്തല കുറിച്ചത്. “കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവിയുടെ തിരുനടയില്‍ കൊച്ചുമകന്റെ വിരല്‍ പിടിച്ച് ആദ്യാക്ഷരം എഴുതിക്കാനുള്ള ഭാഗ്യമുണ്ടാകുന്നത് ഒരു സുകൃതം കൂടിയാണ്. കലയുടെയും അറിവിന്റെയും തിരുനടയാണ്. വാക്ക് വെളിച്ചമാകട്ടെ. അറിവ് ആയുധമാകട്ടെ. അസത്യത്തില്‍ നിന്നു സത്യത്തിലേക്കും ഇരുളില്‍ നിന്നു വെളിച്ചത്തിലേക്കുമുള്ള യാത്രയാകട്ടെ. അസതോമാ സദ്ഗമയ തമസോമാ ജ്യോതിര്‍ഗമയ.” – ചെന്നിത്തല കുറിച്ചു.
ചെന്നിത്തലയും ഭാര്യ അനിതയും ഓണം ആഘോഷിച്ചത് മംഗലാപുരത്തുള്ള ഇളയ മകന്‍ രമിത്തിനും ഭാര്യ ജനീറ്റയ്ക്കും ഒപ്പമായിരുന്നു. അവിടെ നിന്നാണ് ചെന്നിത്തലയും കുടുംബവും ഇന്നലെ രാത്രി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here