സോളാര്‍ ഗൂഢാലോചന കേസ് നാളെ കോടതി പരിഗണിക്കും; ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലുകൾ ആദ്യം പുറത്ത് വിട്ടത് മാധ്യമ സിൻഡിക്കറ്റ്
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായി സോളാര്‍ കമ്മീഷന്‍ മുമ്പാകെ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന കേസ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലുകൾ മാധ്യമ സിൻഡിക്കറ്റ് ആണ് ആദ്യം പുറത്ത് വിട്ടത്. ഗൂഢാലോചനയുണ്ടെന്നുംകാട്ടി അഡ്വ. ജോളി അലക്‌സ് മുഖേന കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. സുധീര്‍ ജേക്കബ് ഫയല്‍ ചെയ്തത കേസാണ് നാളെകോടതി പരിഗണിക്കുന്നത്. പത്തനാപുരം എംഎല്‍എ കെബി ഗണേഷ്‌കുമാറിനും പരാതിക്കാരിക്കെതിരെയുമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്. കെബി ഗണേഷ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവർ ചേർന്ന് ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയത്.
പത്തനംതിട്ട ജയിലില്‍ കഴിയുന്നതിനിടെ എഴുതിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത്. പിന്നീട് 4 പേജ് കൂട്ടിച്ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമ്മീഷന് നല്‍കിയത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെവിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തി എന്നാണ് സിബിഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ബന്ധു 2012ല്‍ സോളാര്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരി അറസ്റ്റിലായ ശേഷം ജയിലില്‍ നിന്ന് എഴുതിയ കത്തിന്റെ ആദ്യപ്രതി കൈക്കലാക്കുകയും പിന്നീട് ജയില്‍ മോചിതയായപ്പോള്‍ രണ്ടു മാസത്തോളം സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചു നേതാക്കളുമായി വിലപേശലിന് അവസരം ഉണ്ടാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് അടുത്ത ദിവസങ്ങളില്‍ പരാതിക്കാരിയെ അദ്ദേഹത്തിന് മുന്നില്‍ എത്തിച്ചവരെ പറ്റിയും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പീഡനക്കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ് എന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാൾ നന്ദകുമാർ ആയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കേസ് സിബിഐക്ക് വിടുക എന്നതായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ സിബിഐ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here