കോട്ടയത്തെച്ചൊല്ലി ജോസഫ് ഗ്രൂപ്പില്‍ തര്‍ക്കം രൂക്ഷം; സാധ്യത ഫ്രാന്‍സിസ് ജോര്‍ജിന്; കോണ്‍ഗ്രസ് തീരുമാനം നിര്‍ണായകം

തിരുവനന്തപുരം: മധ്യകേരളത്തിലെ ഏറ്റവും നിർണായക ലോക്സഭാ സീറ്റുകളിലൊന്നാണ് കോട്ടയം. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള കടുത്ത മത്സരത്തിനാണ് ഇവിടെ അരങ്ങൊരുങ്ങുന്നത്. സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കാന്‍ യുഡിഎഫില്‍ ഏകദേശ ധാരണയുണ്ട്. ഇതോടെ ജോസഫ് വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായി. സ്ഥാനാര്‍ത്ഥി മോഹവുമായി ഒരു പിടി നേതാക്കള്‍ രംഗത്തുണ്ട്.

പി.​ജെ. ജോ​സ​ഫ്, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, പാര്‍ട്ടിയുടെ കോട്ടയം ജില്ലാ അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍, ജോ​യ് ഏ​ബ്ര​ഹാം, പി.​സി. തോ​മ​സ്, കെ.എം.മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായി എം.പി.ജോസഫ് എന്നീ പേരുകളാണ് മുന്‍പിലുള്ളത്. കോട്ടയം സീറ്റില്‍ അവകാശവാദമുന്നയിച്ച് സജി മഞ്ഞക്കടമ്പില്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനെക്കാള്‍ യോഗ്യന്‍ താനാണെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം പറഞ്ഞത്.

പി.​ജെ. ജോ​സ​ഫ് എംഎല്‍എയായതിനാല്‍ മത്സരിക്കാന്‍ സാധ്യത കുറവാണ്. സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫോ, മോന്‍സ് ജോസഫോ മത്സരിക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ആവശ്യമുണ്ട്. കോണ്‍ഗ്രസിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാകും കോട്ടയത്ത് മത്സരിക്കുക.

“കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച നടക്കുകയാണ്. അടുത്ത ചര്‍ച്ച 30നാണ്. അത് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കും. പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കും.” -പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി.തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് പി.സി.തോമസിന്റെ പ്രഖ്യാപനം. മുന്‍പുണ്ടായിരുന്ന ഇടത്-എന്‍ഡിഎ ബന്ധങ്ങള്‍ തോമസിന് വിലങ്ങുതടിയാണ്. വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് കേരള കോണ്‍ഗ്രസിന് ആവശ്യം. ഇവിടെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ സാധ്യത വര്‍ധിക്കുന്നത്.

ക്രൈസ്തവ സഭാ നേതൃത്വം ഫ്രാന്‍സിസ് ജോര്‍ജിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥി വന്നാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. വിജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന് കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി നിലവിലെ എംപി കേരളാ കോൺഗ്രസി (എം)ന്‍റെ തോമസ്‌ ചാഴിക്കാടന്‍ തന്നെ രംഗത്തെത്തിയേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top