സുധാകരനെ തിരുത്തി സതീശൻ; കോട്ടയം സീറ്റില്‍ ചർച്ച പൂർത്തിയായി, 14ന് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസില്‍ ഭിന്നത മറ നീക്കുന്നു

തിരുവനന്തപുരം: കോട്ടയം സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം മൂക്കുന്നു. പ്രശ്നത്തില്‍ കെ.സുധാകരനെ തിരുത്തി വി.ഡി.സതീശന്‍ രംഗത്തെത്തി. കോട്ടയം ലോക്സഭാ സീറ്റ് വിട്ടുനല്‍കാന്‍ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന സുധാകരന്റെ പ്രസ്താവനയാണ് സതീശന്‍ തള്ളിക്കളഞ്ഞത്. സുധാകരന്റെ അഭിപ്രായം തമാശയെന്ന് പരിഹസിക്കുകയാണ് സതീശന്‍ ചെയ്തത്. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പതിനാലാം തിയതി സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞു.

കോട്ടയം ലോക്സഭാ സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന കെപിസിസിയുടെ അഭിപ്രായമാണ് സുധാകരന്‍ പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന ഘടകകക്ഷി സീറ്റ് വിഭജന ചര്‍ച്ചകളെ അവഗണിച്ചാണ് സുധാകരന്‍ പരസ്യ പ്രസ്താവനയുമായി മുന്നോട്ട് വന്നത്.

കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചതെന്നുമായിരുന്നു കെ. സുധാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. “എല്ലാവർക്കും സ്വീകാര്യനായ നൂറ് ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി കോൺഗ്രസിനുണ്ട്. അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിട്ടു തന്നാൽ കേരള കോൺഗ്രസിന് നിയമസഭയിൽ കൂടുതൽ സീറ്റ് നൽകും.” സുധാകരൻ പറഞ്ഞു.

സീറ്റെടുക്കുമെന്ന സുധാകരന്‍റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ലെന്നായിരുന്നു കേരള കോണ്‍ഗ്രസിന്‍റെ പ്രതികരണം. നേതൃത്വം വ്യക്തത വരുത്തണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സതീശന്‍ സുധാകരനെതിരെ രംഗത്ത് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top