ക്രൂര റാഗിങ് നടത്തിയവര്‍ ഇനി പഠിക്കേണ്ട; ആ തീരുമാനം പ്രഖ്യാപിച്ച് നഴ്‌സിങ് കൗണ്‍സില്‍
![](https://www.madhyamasyndicate.com/wp-content/uploads/2025/02/raging.jpg)
കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്ങില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടയാന്‍ നഴ്സിങ് കൗണ്‍സിലിന്റെ തീരുമാനം. കോളേജില്‍ നിന്ന് ഇവരെ ഡീബാര്‍ ചെയ്യാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് നിര്‍ണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.
കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി കെ.പി.രാഹുല്‍ രാജ്, സാമുവല്‍ ജോണ്‍സ്, എന്‍.എസ്.ജീവ, സി.റിജില്‍ ജിത്ത്, എന്‍.വി.വിവേക് എന്നിവരാണ് അറസ്റ്റിലായത്. ഇവരൊന്നും പഠനം തുടരാന്‍ അര്‍ഹരല്ലെന്നാണ് നഴ്‌സിങ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. കോളേജിലെ ഒന്നാം വര്‍ഷ ബാച്ചില്‍ ആറ് ആണ്‍കുട്ടികളാണ് പ്രവേശനം നേടിയത്. ഇവരെല്ലാം ക്രൂരതയ്ക്ക് ഇരയായിട്ടുണ്ട്. ആദ്യം മൂന്ന് പേരാണ് പരാതി നല്‍കിയത്. എന്നാല്‍ വിശദമായ മൊഴിയെടുപ്പില്‍ മറ്റ് മൂന്ന് കുട്ടികളും പരാതി ഉന്നയിച്ചിട്ടുണ്ട്.
റാഗിങ് നടന്ന മുറിയില്‍ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.ടി.സുലേഖ, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെ ആരോഗ്യ വകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കംചെയ്യാനും നിര്‍ദേശം നല്‍കി.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here