ആകാശപാത കോട്ടയത്തിൻ്റെ ദുഖമെന്ന് തിരുവഞ്ചൂർ; പരിഹസിച്ച് ഗതാഗതമന്ത്രി

കോട്ടയം നഗരത്തിലെ ആകാശപാത പൂർത്തിയാക്കണമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആവശ്യത്തെ പരിഹസിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. കൊച്ചി ബിനാലയ്ക്ക് വന്ന കലാകാരൻ സ്ഥലം എം എൽഎ തിരുവഞ്ചൂരിനോടുള്ള ബന്ധം കൊണ്ടുണ്ടാക്കിയ ശിൽപ്പമാണെന്നാണ് കരുതിയതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നിയമസഭയിൽ ശ്രദ്ധക്ഷണിക്കലായാണ് തിരുവഞ്ചൂർ വിഷയം ഉന്നയിച്ചത്.

ആകാശപാത 10 വർഷമായി നാടിൻ്റെ ദുഖമായി നിശ്ചലമായി നിൽക്കുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം എന്ന നിലയിലാണ് പദ്ധതിക്ക് എംഎൽഎ ഫണ്ട് അനുവദിച്ചത്. എന്നാൽ പദ്ധതി എങ്ങും എത്തിയില്ല. പിണറായി സർക്കാരിൻ്റെ ഫിനിഷിങ് പോയിൻ്റാകണം പദ്ധതിയുടെ പൂർത്തീകരണം എന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

പരിഹാസത്തോടെയായിരുന്നു ഈ ശ്രദ്ധ ക്ഷണിക്കലിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ മറുപടി നൽകിയത്. പദ്ധതി പൂർത്തിയാക്കാൻ 17.58 കോടി രൂപ വേണ്ടി വരും. നിർമ്മിച്ചാലും പിന്നീട് പൊളിച്ചു നീക്കേണ്ടി വരും. അതിനാൽ ഇനി തുക ചെലവഴിക്കാൻ കഴിയില്ലെന്നും മന്ത്രി മറുപടി പറഞ്ഞു.

ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ മന്ത്രി ആക്ഷേപിക്കുകയാണെന്ന് ആരോപിച്ച് തിരുവഞ്ചൂർ മന്ത്രിക്കെതിരെ രംഗത്തെത്തി. മന്ത്രി ഇങ്ങനെയേ മറുപടി നൽകൂ എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് നാട്ടിലെ ജനങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here