പൊലീസിലെ കൈക്കൂലിക്കാരുടെ നിത്യശത്രു; മധ്യകേരളത്തിലെ വിജിലൻസ് നടപടികളുടെ നെടുംതൂണ്, എസ്ഐ സ്റ്റാൻലി തോമസ് മുഖ്യമന്ത്രിയുടെ മെഡൽ ഏറ്റുവാങ്ങി

കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി സിഐ, എസ്ഐമാരടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥർ; കൂടാതെ അഞ്ച് ഡോക്ടർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിങ്ങനെ മധ്യ കേരളത്തിൽ വിജിലൻസ് അറസ്റ്റ് ചെയ്ത വൻ തോക്കുകളുടെ പട്ടിക കണ്ട് പൊതുജനം മൂക്കത്ത് വിരൽ വെച്ചു. കള്ളന് കഞ്ഞി വച്ചവരാണ് പോലീസ് എന്ന് പറഞ്ഞു ശീലിച്ചവർക്ക് ഇത്തരം പുതുമയുള്ള ഞെട്ടൽ ഇടക്കിടെ സമ്മാനിക്കുകയാണ് കോട്ടയത്തെ പോലീസ് വിജിലൻസ് റേഞ്ച് സംഘം. ഇങ്ങനെയാണ് കേരളത്തിലെ തന്നെ ഏറ്റവുമധികം ‘ട്രാപ് ‘ കേസുകൾ പിടിക്കുന്ന ഓഫീസുകളിൽ ഒന്നായി കോട്ടയം വിജിലൻസ് മാറിയത്.

ഒരു പരാതി കിട്ടിയാൽ പിന്നെ പഴുതുകൾ അവശേഷിപ്പിക്കാത്ത ബാക്ക്ഗ്രൗണ്ട് പരിശോധന, കൃത്യമായ മുന്നൊരുക്കം, കേസ് തീരുന്നത് വരെ പരാതിക്കാർക്ക് എല്ലാ സംരക്ഷണവും കൊടുക്കുക… ഉദ്യോഗസ്ഥ അനാസ്ഥ കൊണ്ടോ അഴിമതി കൊണ്ടോ ആരെങ്കിലും ദുരിതം അനുഭവിക്കുന്നതായി വിവരം കിട്ടിയാൽ അവിടെ പോയി പരിശോധിക്കുക, ദിവസങ്ങളോളം വേഷം മാറി സിഐഡി മോഡലിൽ നടന്നും വിവരം ശേഖരിക്കുക …. ഇതെല്ലാമാണ് സംസ്ഥാനത്തെ ഏറ്റവും കാര്യക്ഷമതയുള്ള വിജിലൻസ് ഓഫീസായി കോട്ടയം ഓഫീസിനെ മാറ്റിയത്. എസ്പി വി ജി വിനോദ് കുമാർ റേഞ്ചിൻ്റെ ചുമതലയിൽ വന്ന ശേഷം കേസുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം ആണ് ഉണ്ടായത്. 2020ൽ 12, 2021ൽ 12, 2022ൽ 12, 2023ൽ ഇതുവരെ 10 എന്നിങ്ങനെ സ്റ്റെഡിയായ കണക്കിലാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ കേസുകൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതിനെല്ലാം എസ്പിക്ക് വലംകയ്യായി നിൽക്കുന്ന എസ്ഐ സ്റ്റാൻലി തോമസിന് മുഖ്യമന്ത്രിയുടെ മെഡൽ കിട്ടിയത് അപ്രതീക്ഷിതമായി എന്നാണ് സഹപ്രവർത്തകരിൽ പലരും പറയുന്നത്. പോലീസുകാരിൽ പലരേയും കുടുക്കാൻ കാരണക്കാരനായി നിന്ന ആൾക്ക് വേണ്ടുവോളം പാരകൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. മുമ്പ് പലവട്ടം പോലീസ് മെഡൽ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും പതിവ് ആവർത്തിക്കും എന്നാണ് കരുതിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് പ്രഖ്യാപിച്ചെങ്കിലും ഇന്നലെയാണ് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് സ്വീകരിച്ചത്.

ഇക്കാര്യത്തിൽ പ്രതികരണത്തിന് എസ്ഐ സ്റ്റാൻലി തോമസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കേസ് സംബന്ധമായ നടപടികളെല്ലാം ഏകോപിപ്പിക്കുന്നത് എസ്പി ആണെന്നും അദ്ദേഹത്തിൻ്റെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിക്കുന്നതെന്നും എസ്ഐ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വിജിലൻസ് ഡയറക്ടറുടെയോ ഐജിയുടെയോ അനുമതിയില്ലാതെ തനിക്കൊന്നും പ്രതികരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top