ജുമി ലഹരിക്കടത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ്; മയക്കുമരുന്നിന് അടിമയും; വലയിലാകുന്നത് ഇതാദ്യം
കേരളത്തിലേക്ക് ലഹരി കടത്തുന്ന കണ്ണികളില്‍ പ്രധാനികളില്‍ ഒരാളാണ് ഇന്നലെ പിടികൂടിയ ആലപ്പുഴ സ്വദേശി ജുമി (24) എന്ന് പോലീസ്. ഇതാദ്യമായാണ് ജുമി വലയിലാകുന്നതെന്നും കോഴിക്കോട് വെള്ളയില്‍ പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ബെംഗളൂരൂവില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ട് കോടിയുടെ മയക്കുമരുന്ന് കടത്തിയതിനാണ് ജുമി പിടിയിലായത്. ബെംഗളൂര് പോയാണ് പോലീസ് ജുമിയെ പിടികൂടിയത്. മയക്കുമരുന്ന് കടത്തുമ്പോള്‍ ലഭിക്കുന്ന പണം യാത്ര നടത്താനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്. 750 ഗ്രാം എംഡിഎയും എല്‍എസ്ഡിയുമാണ് കോഴിക്കോട് എത്തിച്ചത്.
ജുമിയെക്കുറിച്ച് പോലീസ് നല്‍കുന്ന വിവരം ഇങ്ങനെ: ആലപ്പുഴ പുന്നപ്ര സ്വദേശിനിയാണ് ജുമി. നാല് വര്‍ഷത്തോളമായി ബെംഗളൂരുവിലാണ് സ്ഥിരതാമസം. അവിടെ ബിസിനസ് നടത്തുന്ന അനി എന്ന മലയാളിയെയാണ് വിവാഹം കഴിച്ചത്. മയക്കുമരുന്ന് കടത്ത് തന്നെയാണ് പ്രധാന ജോലി. ജുമി മയക്കുമരുന്ന് ഉപയോഗിക്കുന്ന കാര്യവും കടത്തുന്ന കാര്യവും ഭര്‍ത്താവിന് അറിയാം. അനിയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ്. കേസില്‍ ഒന്നാം പ്രതിയായ നിലമ്പൂര്‍ സ്വദേശി ഷൈൻ ഷാജിക്ക് ഒപ്പമാണ് രണ്ടുകോടിയുടെ മയക്കുമരുന്ന് കടത്തിയത്. മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച ശേഷം ജുമി തിരിച്ചുപോയി.
മേയ് 19നാണ് കോഴിക്കോട് വച്ച് ലഹരിമരുന്ന് പിടികൂടിയത്. പുതിയങ്ങാടി വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരമാണ് പോലീസിനു ലഭിച്ചത്. വെള്ളയില്‍ പോലീസും ഡാൻസാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടി. പോലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഷൈൻ ഷാജിയെ ബെംഗളൂരുവില്‍നിന്നും രണ്ടാംപ്രതി പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിൻ സെബാസ്റ്റ്യനെ കുമളിയില്‍നിന്നുമാണ് പിടികൂടിയത്. ഷൈന്‍ ഷാജിയാണ് ജുമിയുടെ കാര്യം വെളിപ്പെടുത്തിയത്. ഇതോടെയാണ് ജുമിയെ പോലീസ് പൊക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here