മോഷ്ടിച്ച ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു; തോട്ടില്‍ ചവിട്ടിത്താഴ്ത്തി മൃഗീയമായി കൊലപ്പെടുത്തി; പ്രതിയുടെ സ്ഥിരം കവര്‍ച്ചാരീതിയെന്ന് പോലീസ്
കോഴിക്കോട്: വീടിന് സമീപത്തെ തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. വാളൂര്‍ സ്വദേശിയായ അനുവിന്റെ (26) കൊലപാതകത്തില്‍ അറസ്റ്റിലായത് മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാന്‍ ആണ്. അനുവിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെ തോട്ടില്‍ ചവിട്ടി താഴ്ത്തിയാണ് കൊലപ്പെടുത്തിയത്. ബലാത്സംഗം ഉള്‍പ്പെടെ അന്‍പതിലധികം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുജീബ്. ബൈക്ക് മോഷ്ടിച്ചു വരുന്ന വഴിയെ ആണ് അനുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് എന്ന് പോലീസ് വ്യക്തമാക്കി. ഇത് പ്രതിയുടെ സ്ഥിരം കവര്‍ച്ചാരീതി ആണെന്നും പോലീസ് പറയുന്നു. പ്രതിയുമായി തെളിവെടുപ്പ് ആരംഭിച്ചു.
ഇന്നലെ വൈകിട്ട് മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയില്‍ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അന്നേദിവസം പ്രതി അനുവിന് ബൈക്കില്‍ ലിഫ്റ്റ് കൊടുത്തിരുന്നു. ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുവിന്റെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു. തോട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശ്വാസകോശത്തില്‍ ചെളിവെള്ളം കയറിയാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മരണത്തിന് മുന്‍പ് ബലപ്രയോഗം നടന്നതിന്‍റെ സൂചനയുമുണ്ട്. കഴുത്തിലും കയ്യിലും ബലമായി പിടിച്ച പാടുകളും വയറ്റില്‍ ചവിട്ടേറ്റ പാടുമുണ്ട്. മോഷണം തന്നെയായിരുന്നു ലക്ഷ്യം. പീഡനം നടന്നതിന്റെ ലക്ഷണങ്ങളില്ല. അനു മരിച്ചെന്ന് ഉറപ്പായശേഷമാണ് ആഭരണങ്ങള്‍ മോഷ്ടിച്ചതെന്നും പോലീസ് പറയുന്നു. സ്വര്‍ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറിയെന്നും മൊഴി നല്‍കി.
മാര്‍ച്ച് 11നാണ് അനുവിനെ കാണാതായത്. ആശുപത്രിയിലേക്ക് പോകനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിച്ചിരുന്നില്ല. പിറ്റേദിവസം വീടിന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ നിന്ന് അനുവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മുട്ടോളം വെള്ളം മാത്രമുള്ള തോട്ടില്‍ അനു മുങ്ങി മരിക്കില്ലെന്ന് ഉറപ്പായതോടെയാണ് കൊലപാതകമാകം എന്ന സംശയത്തിലേക്ക് നീങ്ങിയത്. സ്വര്‍ണമാലയും, മോതിരങ്ങളും, പാദസരവും, ബ്രേസ്ലെറ്റും അടക്കം എല്ലാം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. കമ്മല്‍ മാത്രമായിരുന്നു അവശേഷിച്ചത്. എന്നാല്‍ അത് സ്വര്‍ണമായിരുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here