ചെലവൂർ വേണു അന്തരിച്ചു; മറഞ്ഞത് കോഴിക്കോടിന്റെ സാംസ്കാരിക മുഖം; കരുത്തും ദൗര്‍ബല്യവുമായത് സൗഹൃദങ്ങള്‍

കോഴിക്കോട്: സാഹിത്യ സാംസ്കാരിക മേഖലകളില്‍ ശ്രദ്ധേയനായിരുന്ന ചെലവൂർ വേണു (81) അന്തരിച്ചു. കുറച്ച് കാലമായി രോഗങ്ങളുമായി മല്ലടിക്കുകയായിരുന്നു. ഓര്‍മ നഷ്ടവും വന്നിരുന്നു. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തില്‍ ഒരു കാലത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു ചെലവൂര്‍ വേണുവിന്റെത്. സൗഹൃദങ്ങളായിരുന്നു കരുത്തും ദൗര്‍ബല്യവും. എസ്.കെ.പൊറ്റെക്കാട്ടിന്റെ അമ്മാവന്റെ മകനാണ്.

വൈക്കം മുഹമ്മദ് ബഷീര്‍, തിക്കോടിയന്‍, വികെഎന്‍, എന്‍.പി.മുഹമ്മദ്, പട്ടത്തുവിള, ഒ.വി.വിജയന്‍, അരവിന്ദന്‍, സക്കറിയ, ശശികുമാര്‍, മാമുക്കോയ, ടി.വി.ചന്ദ്രന്‍, ടി.എന്‍.ഗോപകുമാര്‍ തുടങ്ങി സൗഹൃദ കണ്ണികള്‍ വിപുലമായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് പുതിയ പാലം ശ്മശാനത്തില്‍ നടക്കും.

ചലച്ചിത്ര അവാർഡ് നിർണയ സമിതി (പുസ്തകം) അംഗം, തിയറ്റർ ക്ലാസിഫിക്കേഷൻ നിർണയ സമിതി അംഗം, ഫെഡറേഷൻ‌ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയൻ വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിലും ജോലി ചെയ്തു.

ചലച്ചിത്ര നിരൂപകനായാണ് സിനിമാ രംഗത്തേക്കു കടന്നുവരുന്നത്. 1971 മുതല്‍ കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിലെ ആദ്യത്തെ മനശാസ്ത്ര മാസികയായിരുന്ന സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. മനസ് ഒരു സമസ്യ, മനസിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. സ്റ്റേഡിയം, രൂപകല, സെര്‍ച്ച് ലൈറ്റ്, സിറ്റി മാഗസിന്‍, വര്‍ത്തമാനം, ഇവയെല്ലാം ചെലവൂര്‍ വേണുവിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്. ഭാര്യ: സുകന്യ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top