ചേവായൂർ സർവീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസ് വിമതര്‍ പിടിച്ചു; ജയം സിപിഎം പിന്തുണയോടെ; തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം
വന്‍ വിവാദവും സംഘര്‍ഷവുമുണ്ടായ ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് വിമത മുന്നണിക്ക്. സിപിഎം പിന്തുണയോടെയാണ് കോണ്‍ഗ്രസ് വിമതര്‍ ഭരണം പിടിച്ചത്. 11 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ മുഴുവൻ സീറ്റുകളിലും വിമതര്‍ ജയിച്ചു. വിജയിച്ചവരിൽ 7 പേർ കോൺഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്.
മൂന്ന് ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിയിട്ടില്ല. ഹൈക്കോടതി നിർദേശമുള്ളതിനാലാണ് നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആറു പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരണം നടത്തുന്ന ബാങ്ക് ആണിത്.
കോണ്‍ഗ്രസ് ഔദ്യോഗിക പാനലിനെതിരെ നിന്നാല്‍ ജീവന്‍ ബാക്കിയുണ്ടാകില്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ചേവായൂരില്‍ വന്ന് പ്രസംഗിച്ചത് വിവാദമായിരുന്നു. ഇതോടെ കോണ്‍ഗ്രസ് വിമതര്‍ക്ക് ആളും അര്‍ത്ഥവും നല്‍കി സിപിഎം ഒപ്പം നിന്നു. ഇതുകൊണ്ടാണ് വിമതര്‍ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞതും.
Also Read: ‘തടി വേണോ, ജീവന്‍ വേണോ’; ചേവായൂര്‍ ബാങ്ക് പ്രശ്നത്തില്‍ കൊലവിളി പ്രസംഗവുമായി സുധാകരന്‍
വോട്ടെടുപ്പിനിടെ കോൺഗ്രസ്-സിപിഎം പ്രവർത്തകർ പലതവണ ഏറ്റുമുട്ടി. നിലവിലെ ബാങ്ക് പ്രസിഡന്റ് ജി.സി.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ചേവായൂർ ബാങ്ക് സഹകരണ ജനാധിപത്യ സംരക്ഷണ സമിതി, കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ, ഒരു സ്വതന്ത്രൻ എന്നിങ്ങനെ 31 പേർ മത്സര രംഗത്തുണ്ടായിരുന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയായിരുന്നു വോട്ടെടുപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here