പിണറായിയെ നരഭോജിയെന്നു വിളിച്ചു; മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിച്ചു; മറുവാക്ക് മാഗസീന്‍ എഡിറ്റര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

കോഴിക്കോട് : തണ്ടര്‍ബോള്‍ട്ടിന്റെ മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് മുഖ്യമന്ത്രി പിണറായി വിജയനെ നരഭോജിയെന്ന് വിശേഷിപ്പിച്ച് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് മറുവാക്ക് മാസിക എഡിറ്റര്‍ അംബികക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കസബ പോലീസാണ് കലാപാഹ്വാനത്തിന് ഐപിസി 153 വകുപ്പ് പ്രകാരവും സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചതിന് കേരള പോലീസ് ആക്ടിലെ 120(O) വകുപ്പ് പ്രകാരവും കേസെടുത്തിരിക്കുന്നത്.

കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കസബ പോലീസ് കേസെടുത്തത്. കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിക്കുന്ന മറുവാക്ക് മാസിക സിപിഐ മാവോയിസ്റ്റ് പ്രസിദ്ധീകരണമാണെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു. മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നാലെ രക്ത കടം രക്തം കൊണ്ടു വീട്ടുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അംബിക ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 13നാണ് സിപിഐ മാവോയിസ്റ്റ് കബനി ദളം ഗറില്ലാ നേതാവ് കവിതയെന്ന ലക്ഷ്മി തണ്ടര്‍ബോള്‍ട്ട് സേനയുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ മാവോയിസ്റ്റ് കബനിദളത്തിന്റെ ക്യാമ്പ് വളഞ്ഞ് തണ്ടര്‍ബോള്‍ട്ട് നടത്തിയ അപ്രതീക്ഷിത ആക്രണത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ കവിതയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അവിടെ നിന്നും മാവോയിസ്റ്റ് സംഘം രക്ഷപ്പെടുത്തിയെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. പോലീസ് നടപടിക്കെതിരെ മാവോയിസ്റ്റുകള്‍ വ്യാപക പ്രതിഷേധമാണ് അന്നുയര്‍ത്തിയത്. പകരം ചോദിക്കുമെന്ന് പോസ്റ്ററുകളും പതിച്ചിരുന്നു. ഇതിനിടയിലാണ് അംബികയുടെ പോസ്റ്റും പുറത്തു വന്നത്.

അംബികയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

കേരളത്തിന്റെ ആഭ്യന്തര മന്ത്രി, സി പി എം പൊളിറ്റ് ബ്യൂറോ അംഗം നരഭോജി പിണറായിറായി വിജയന്‍ വീണ്ടും നരമേധം നടത്തിയിരിക്കുന്നു. മാവോവാദി നേതാവ് കവിത എന്ന ലക്ഷ്മിയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്തിരിക്കുന്നു. ഇതോടെ നേതാക്കളടക്കമുള്ള പത്ത് വിപ്ലവകാരികളെയാണ് ഈ ‘കപടഇടതുപക്ഷ’ സര്‍ക്കാരിന്റെ കാലത്ത് തണ്ടര്‍ ബോള്‍ട്ട് വധിച്ചത്…
ശക്തമായി പ്രതിഷേധിക്കുക…

ധീര രക്തസാക്ഷിക്ക് അഭിവാദ്യങ്ങള്‍!

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top