ഡിഎംഒമാരുടെ കസേരകളി കഴിഞ്ഞു; ആ സീറ്റ് ഡോ. ആശാദേവിക്കെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ രണ്ടു ദിവസമായി നടന്നുവന്ന കസേരകളിക്ക് ക്ലൈമാസായി. കസേര പുതിയ ഡിഎംഒ ഡോ. ആശാദേവിക്ക് ആണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആശാദേവിയെ ഡിഎംഒ ആക്കാനുള്ള ഉത്തരവ് പാലിക്കാന്‍ ഡിഎച്ച്എസ് നിര്‍ദേശവും നല്‍കി. ആരോഗ്യവകുപ്പ് സെക്രട്ടറി 2 ഡിഎംഒമാരെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു.

കോഴിക്കോട് ഡിഎംഒയായിരുന്നത് ഡോ.എന്‍.രാജേന്ദ്രനും സ്ഥലംമാറിയെത്തിയ ഡോ. ആശാദേവിയും തമ്മിലായിരുന്നു അധികാര തര്‍ക്കം. ഇന്നലെ ആശാദേവി സ്ഥലംമാറി എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്ന് ഡോ. ആശാദേവിയും നിയമപരമായി താനാണു ഡിഎംഒ എന്ന് ഡോ.എന്‍.രാജേന്ദ്രനും ഉറച്ചുനിന്നു. ഡിഎംഒയുടെ കസേരിയില്‍ ആദ്യം കയറി ഇരുന്ന എന്‍.രാജേന്ദ്രന്‍ മാറാന്‍ തയാറായില്ല. എതിര്‍വശത്തുള്ള കസേരയില്‍ ആശാദേവിയും ഇരിപ്പുറപ്പിച്ചു. ഇന്നും ഇതേ നാടകം തുടര്‍ന്നു. ഇതോടെ ഡിഎംഒക്കുളള ഫയല്‍ ആര്‍ക്ക് നല്‍കണമെന്ന് അറിയാതെ ജീവനക്കാരാണ് കുഴങ്ങിയത്.

സര്‍ക്കാര്‍ ഉത്തരവു പ്രകാരം കോഴിക്കോട്, എറണാകുളം, കൊല്ലം, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെയും 3 ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍മാരെയും സ്ഥലംമാറ്റി നിയമിച്ചിരുന്നു. ഉത്തരവ് പ്രകാരം ഡോ. രാജേന്ദ്രന്‍ വിടുതല്‍ വാങ്ങുകയും ആശാദേവി ചുമതലയേറ്റെടുക്കുകയും ചെയ്തു. പിന്നീട് സ്ഥലംമാറ്റ ഉത്തരവിനെതിരെ ഡോ.രാജേന്ദ്രന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി. ആശാദേവി തിരുവനന്തപുരത്തുപോയ 13ന് രാജേന്ദ്രന്‍ ഓഫിസിലെത്തി വീണ്ടും ഡിഎംഒ ആയി ചുമതലയേറ്റു. തുടര്‍ന്ന് ആശാദേവി അവധിയില്‍ പ്രവേശിച്ചിരുന്നു.

സ്റ്റേ ഉത്തരവിനെതിരെ ആശാദേവി ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്്തു. അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കാതെ ഒരു മാസത്തിനുള്ളില്‍ പുതിയ ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. പിന്നാലെയാണ് ആശാദേവി വീണ്ടും ഓഫീസിലെത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top