പരാതിക്കാരനെ കുടുക്കിയത് മുളകുപൊടി; കോഴിക്കോട് എടിഎം കവർച്ചാ നാടകം പൊളിച്ച് പോലീസ്
കൊയിലാണ്ടിയിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്നുവെന്ന പരാതി വ്യാജം. കണ്ണിൽ മുളകുപൊടി വിതറിയശേഷം ബന്ദിയാക്കി പണം കവർന്ന സംഭവമാണ് നാടകമെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് പരാതിക്കാരനായ പയ്യോളി സുഹൈലിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പയ്യോളി സ്വദേശിയകളായ താഹ, യാസിർ എന്നിരാണ് പിടിയിലായവർ. യാസിറിൻ്റെ പക്കൽനിന്നും 37 ലക്ഷം രൂപ കണ്ടെടുത്തു. സുഹൈലിൻ്റെ കൂടി അറിവോടെ സുഹൃത്തുക്കൾ നടത്തിയ നാടകമാണ് കവർച്ചയെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.
സുഹൈൽ വൺ ഇന്ത്യ എടിഎമ്മിൽ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസിയുടെ ജീവനക്കാരനാണ്. ശനിയാഴ്ച അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് എടിഎമ്മിലേക്ക് നിറയ്ക്കാൻ കൊണ്ടുപോകുന്ന പണം രണ്ടംഗ സംഘം കവർന്നു എന്നായിരുന്നു സുഹൈലിൻ്റെ പരാതി. പണം നിറയ്ക്കാൻ പോകവേ പർദ ധരിച്ചെത്തിയ രണ്ട് പേർ വാഹനം തടഞ്ഞ ശേഷം വാഹനത്തിൽ കയറി. മുളകുപൊടിയെറിഞ്ഞ് തന്നെ ബന്ധിയാക്കി. കാട്ടിലെപീടികയിലെത്തിയപ്പോൾ വാഹനമടക്കം തന്നെ ഉപേക്ഷിച്ചു എന്നാണ് സുഹൈൽ പരാതിയിൽ പറഞ്ഞിരുന്നത്.
വാഹനത്തിലുണ്ടായിരുന്ന 25 ലക്ഷം രൂപ കവർന്നുവെന്നായിരുന്നു സുഹൈലിൻ്റെ ആദ്യ മൊഴി. പോലീസ് വിശദമായി മൊഴിയെടുക്കുന്നതിനിടെ 72 ലക്ഷം കവർന്നുവെന്ന് സുഹൈൽ മാറ്റി പറയുകയായിരുന്നു. തനിക്ക് ഒന്നും ഓർമയില്ലെന്നും കവർച്ച നടക്കുമ്പോൾ ബോധം നഷ്ടപ്പെട്ടിരുന്നു എന്നാണ് ഇയാൾ നൽകിയ വിശദീകരണം. എന്നാൽ ബോധം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് വൈദ്യപരിശോധനയിൽ തെളിയുകയായിരുന്നു. ശരീരമാകെ മുളകുപൊടി ഉണ്ടായിരുന്നുവെങ്കിലും കണ്ണിൻ്റെ ഭാഗത്തുണ്ടായിരുന്നില്ല എന്നത് പോലീസിൻ്റെ സംശയം വർധിപ്പിച്ചു. പിന്നീട് സുഹൈലിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സത്യം വെളിവായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here