ഐസിയു പീഡനക്കേസില്‍ അതിജീവതയ്ക്ക് ഒപ്പം നിന്നതിന് സര്‍ക്കാര്‍ വക പീഡനം; ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നില്ല; പ്രതിഷേധിച്ച് നഴ്സിംഗ് ഓഫീസര്‍ അനിത

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയുവില്‍ പീഡനത്തിനിരയായ യുവതിക്ക് അനുകൂല മൊഴി നല്‍കിയതിന് ഒരു വര്‍ഷമായി വേട്ടയാടല്‍ അനുഭവപ്പെടുകയാണെന്ന് നഴ്സിംഗ് ഓഫീസര്‍ പിബി അനിത. സംഭവത്തെ തുടര്‍ന്ന് ലഭിച്ച സ്ഥലം മാറ്റം ഹൈക്കോടതി റദ്ദാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും നിരാഹാര സമരം നടത്താന്‍ തയ്യാറാണെന്നും അനിത പ്രതികരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്‍റെ ഓഫീസിനു മുന്നില്‍ വിവിധ സംഘടനകളുടെ പിന്‍തുണയോടെയാണ് ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയത്.

അതിജീവിതയുടെ കൂടെ നിന്നതിന് ഒരു സ്ത്രീയായ തന്നെ പരമാവധി ദ്രോഹിക്കുകയാണ്. പീഡനത്തിനിരയായ യുവതിക്ക് തന്നാല്‍ കഴിയുന്ന പരമാവധി സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ അതിജീവിതയ്ക്ക് ഒപ്പം നിന്നതിന് സഹപ്രവര്‍ത്തകരില്‍ നിന്നടക്കം മോശമായ പ്രതികരണങ്ങള്‍ നേരിടേണ്ടിവന്നു. കോടതിയലക്ഷ്യത്തിന് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അനിത അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഐസിയുവില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് അറ്റന്‍ഡറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടത്. മെഡിക്കല്‍ കോളജിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതിജീവിതയ്ക്ക് അനുകൂല മൊഴി നല്‍കിയതിന് അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ അനിതയെ തിരികെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. ഇന്നലെയായിരുന്നു തിരികെ ജോലിയില്‍ കയറേണ്ടിയിരുന്നത്. എന്നാല്‍ പ്രിന്‍സിപ്പാളിനെ കാണാന്‍ അനിതയെ അനുവദിച്ചില്ല. ഡിഎംഒയുടെ ഓര്‍ഡര്‍ ലഭിക്കാതെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കോളജ് അധികൃതര്‍. ഇതിനെതിരെ അനിത ഇന്നലെ ഒറ്റയ്ക്ക് പ്രതിഷേധിക്കുകയും പോലീസ് ഇടപെട്ട് മടക്കി അയക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top