മരുന്ന് വിതരണം താറുമാറായി; കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിസന്ധി രൂക്ഷം, 75 കോടി കുടിശിക ഉടൻ നൽകിയില്ലെങ്കിൽ വിതരണം പൂർണമായി നിർത്തുമെന്ന് വിതരണക്കാർ

കോഴിക്കോട്: വിതരണക്കാർക്ക് എട്ടു മാസത്തെ കുടിശിക നൽകാത്തതിനെ തുടർന്ന് മരുന്ന് വിതരണം കുറച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. അടിയന്തര ശസ്ത്രക്രിയകൾ ഒഴികെ മറ്റുള്ളവ മുടങ്ങിയ അവസ്ഥയിലാണ്. 75 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. ഇനിയും പണം നൽകിയില്ലെങ്കിൽ കേരളം മുഴുവനുള്ള വിതരണം നിർത്തേണ്ടി വരുമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. മാർച്ച് പതിനഞ്ചിനകം കുടിശിക തീർക്കാമെന്നാണ് ജില്ലാ കളക്ടർ ഉൾപ്പെടെ ഉറപ്പ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞ കാലാവധിയ്ക്ക് കുടിശിക തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ വിതരണം പൂർണമായും നിർത്താനാണ് വിതരണക്കാരുടെ തീരുമാനം.

മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള ന്യായവില മരുന്നുശാലയിലേക്ക് മരുന്നും സർജിക്കൽ ഉപകരണങ്ങളും നൽകിയ ഇനത്തിലാണ് കുടിശിക. “എഴുപതോളം പേർക്കാണ് കുടിശിക കിട്ടാനുള്ളത്. 70ലക്ഷം രൂപ വരെ കുടിശിക കിട്ടാനുള്ള വിതരണക്കാരുണ്ട്. ചില വലിയ കമ്പനികൾക്ക് കോടികളാണ് നൽകാൻ ഉള്ളത്. കുടിശിക കിട്ടാതെ ഞങ്ങൾക്കും ജീവിക്കാൻ പറ്റില്ല. എല്ലാം പൂട്ടികെട്ടേണ്ടി വരും. ഞങ്ങളുടെ ലൈസൻസ് ഫീ കുറയ്ക്കുകയോ ജിഎസ്ടി അടയ്ക്കാൻ വൈകിയാൽ പിഴ ഒഴിവാക്കുകയോ ഒന്നും സർക്കാർ ചെയ്യുന്നില്ല. കുടിശിക തരാതിരുന്നാൽ ഇതൊക്കെ എങ്ങനെ അടയ്ക്കും. വിതരണം നിർത്തുക മാത്രമേ മാർഗമുള്ളൂ”; മോഹൻ പറഞ്ഞു.

കോഴിക്കോട് ജില്ലയിലാണ് പ്രശ്നം കൂടുതൽ ഗുരുതരം. മരുന്ന് വിതരണം കുറഞ്ഞതോടെ ന്യായവില കടകളിൽ നിന്ന് പല മരുന്നുകളും കിട്ടാത്ത സ്ഥിതിയാണ്. രോഗികൾ പുറത്തെ മെഡിക്കൽഷോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഹൃദ്രോഗം പോലുള്ളവയുടെ മരുന്നുകൾക്ക് വിപണിയില്‍ വലിയ വിലയായത് കൊണ്ട് സാധാരണ ജനങ്ങൾ ബുദ്ധിമുട്ടിലായി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് തുടങ്ങിയവയ്‌ക്കായി 175കോടിയോളം രൂപയാണ് സർക്കാർ മെഡിക്കൽ കോളജിന് നൽകാനുള്ളത്. ഇതാണ് വിതരണക്കാർക്ക് പണം കിട്ടാത്തതിന്റെ പ്രധാന കാരണം. കുടിശിക നൽകാൻ സമയം വൈകിയാൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനം പൂർണമായും നിലക്കും. മറ്റ് ജില്ലകളിൽ മെഡിക്കൽ സർവീസ് കോർപറേഷനാണ് മരുന്നുകളുടെ ഭൂരിഭാഗവും വിതരണം ചെയ്യുന്നത്. അതുകൊണ്ടാണ് കോഴിക്കോട് ജില്ലയിൽ നേരിടുന്ന കടുത്ത പ്രതിസന്ധി മറ്റിടങ്ങളിൽ ഇല്ലാത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top