‘സ്ത്രീയുടെ ശത്രു സ്ത്രീയെന്ന് ആരോഗ്യമന്ത്രി തെളിയിച്ചു; തൻ്റെ പ്രതിഷേധം ആത്മാഭിമാനം വീണ്ടെടുക്കാൻ’; ഐസിയു പീഡനക്കേസ് അതിജീവിതയുടെ ഉള്ളുപൊള്ളുന്ന വാക്കുകള്‍

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യയുടെ മയക്കത്തില്‍ അനുഭവിച്ച ലൈംഗിക പീഡനത്തേക്കാള്‍ ഉള്ളു പൊള്ളിക്കുന്നതാണ് നീതി തേടി ഭരണകൂടത്തെ സമീപിച്ചപ്പോഴുള്ള അനുഭവങ്ങളെന്ന് ഐസിയു പീഡനക്കേസിലെ അതിജീവിത. കടുത്ത ചൂടിലും താന്‍ നല്‍കിയ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തേടി പോലീസ് കമ്മീഷണർ ഓഫീസിന്റെ മതിലില്‍ ചാരിയിരുന്ന് സമരം ചെയ്യുകയാണ് ഇവര്‍. സ്ത്രീകള്‍ക്കൊപ്പമെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ച് കൂവുന്നവര്‍ സംഘടിതമായി വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തന്റെ അനുഭവത്തിലൂടെ ഈ യുവതി പറയുന്നു.

മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റായ ഡോ.കെ.വി.പ്രീതിക്കെതിരായ തന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തേടിയാണ് സമരം. പലവട്ടം പോലീസിനെ സമീപിച്ചു. വിവരാവകാശ നിയമം വഴി അപക്ഷ നല്‍കി കാത്തിരുന്നത് മൂന്ന് മാസമാണ്. മറുപടി മാത്രം ലഭിച്ചില്ല. കമ്മീഷണർ രാജ്പാല്‍ മീണയെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടു. ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്നാണ് പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്ന് അതിജീവിത മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

റോഡരികില്‍ പ്രതിഷേധിക്കുമ്പോള്‍ പലരും തുറിച്ചു നോക്കുന്നു. ചിലര്‍ ചിരിക്കുന്നു. പല തരം അപമാനങ്ങളാണ് ദിവസവും അനുഭവിക്കുന്നത്. ഈ അപമാനങ്ങള്‍ കാണുമ്പോള്‍ എല്ലാം മതിയാക്കി വീട്ടില്‍ ഒളിച്ചിരിക്കുമെന്നാണ് ഭരണകൂടം കരുതുന്നത്. എന്നാല്‍ അത് ഉണ്ടാകില്ല. ഈ അപമാനത്തേക്കാള്‍ വലിയ അനുഭവങ്ങളാണ് മനസില്‍ തിളയ്ക്കുന്നത്. അതുകൊണ്ട് തന്നെ തോല്‍പ്പിക്കാനാവില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും അതിജീവിത വ്യക്തമാക്കി.

സ്ത്രീ തന്നെയാണ് സ്ത്രീയുടെ ശത്രു എന്നത് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പെരുമാറ്റത്തിലൂടെ വ്യക്തമായി. അതിജീവിതയ്‌ക്കൊപ്പമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. നിശബ്ദമായിരുന്ന് വേട്ടക്കാര്‍ക്കൊപ്പമെന്ന് തെളിയിക്കുകയാണ് വീണ ജോര്‍ജ്. സര്‍ക്കാരില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല. യൂണിയൻകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അപ്പോള്‍ വെയിലത്ത് നില്‍ക്കേണ്ടി വരുന്നത് ഇരയായ താനാണെന്നും അതിജീവിത പറയുന്നു.

ഇന്നലെ രാവിലെ 11 മണി മുതല്‍ രാത്രി വരെ നിരത്തില്‍ സമരം തുടര്‍ന്ന അതിജീവിത. ഇന്നും രാവിലെ മുതല്‍ റോഡ് വക്കത്ത് സമരത്തിലാണ്. തന്റെ ആവശ്യം പരിഗണിക്കും വരെ സമരമെന്നാണ് ഇവരുടെ നിലപാട്. 2023 മാര്‍ച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ കിടക്കുമ്പോള്‍ ആശുപത്രി ജീവനക്കാരന്‍ യുവതിയെ പീഡിപ്പിച്ചത്. അനസ്‌തേഷ്യയുടെ മയക്കത്തിലായിരുന്നു അപ്പോൾ. ഇത് സംബന്ധിച്ച് അന്നത്തെ ഗൈനക്കോളജിസ്റ്റ് ഡോ.പ്രീതി നല്‍കിയ റിപ്പോര്‍ട്ടില്‍ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതയ്ക്ക് പോലീസ് നിഷേധിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top