അതിജീവിതയുടെ അഭിമാനത്തിന് പുല്ലുവിലയിട്ട് കോഴിക്കോട് കമ്മിഷണർ; ‘പീഡനപരാതി ബോധിപ്പിക്കാൻ ഒറ്റയ്ക്ക് കാണണം; വനിതാ എഡിജിപിയെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടും ഫലമില്ല’

കോഴിക്കോട്: നീതി നടപ്പാക്കി തരേണ്ടവരെല്ലാം ഒറ്റക്കെട്ടായി തൻ്റെ അഭിമാനത്തെ ചവിട്ടിത്തേക്കാനൊരുങ്ങുന്നതിൻ്റെ ഞെട്ടലിൽ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ പീഡനത്തിന് ഇരയായ യുവതി. തനിക്കൊപ്പം നില്‍ക്കേണ്ട പോലീസും ഭരണകൂടവുമെല്ലാം വേട്ടക്കാരനൊപ്പം നീങ്ങുമ്പോള്‍ നിസഹായായി റോഡരികില്‍ ഇരിക്കുകയാണ് അതിജീവിത. തൻ്റെ തന്നെ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടും മൊഴിപകര്‍പ്പും കിട്ടാനായി മൂന്ന് ദിവസമായി കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരത്തിലാണ്. ഇതിനിടയിലൊന്ന് കണ്ട് സാഹചര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കമ്മിഷണർ രാജ്പാൽ മീണയുടെ മനുഷ്യത്വം ഒട്ടുമേയില്ലാത്ത സമീപനം. താൻ വീണ്ടും അപമാനിതയായെന്ന് അതിജീവിത പറയുന്നു.

എഡിജിപി ഹര്‍ഷിത അട്ടല്ലൂരിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കമ്മീഷണറെ നേരിൽ കാണാന്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് 12ന് ഓഫീസിലെത്തി ഒരു മണിക്കൂറോളം കാത്തിരുന്നെങ്കിലും കമ്മീഷണര്‍ അനുമതി നൽകിയില്ല. വൈകിട്ട് എത്താൻ നിര്‍ദ്ദേശിച്ചത് പ്രകാരം നാലുമണിക്ക് വീണ്ടുമെത്തി. ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷം, ഒപ്പമുള്ളവരെ ഒഴിവാക്കി താൻ ഒറ്റക്ക് എത്തിയാൽ മാത്രമേ കാണാനാകൂവെന്ന് ഒരു പോലീസുകാരി മുഖേന അറിയിച്ചു. സർക്കാർ ആശൂപത്രിയിൽ പീഡനത്തിനിരായ വ്യക്തിയാണ് താൻ. ആ അനുഭവമെല്ലാം ഓരോ തവണയും പറയേണ്ടി വരുമ്പോൾ വീണ്ടും അതിലൂടെയെല്ലാം കടന്നുപോകുന്നത് പോലെയാണ്. അതുകൊണ്ട് അപരിചിതരോട് ഒറ്റക്ക് സംസാരിക്കാൻ കഴിയാത്തത് കൊണ്ടാണ് തുണയായി ഒരാളെയെങ്കിലും ഒപ്പംകൂട്ടാൻ അനുവാദം ചോദിച്ചത്. കമ്മിഷണർ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാൽ കാണാൻ കഴിഞ്ഞില്ല.

“ഇത്ര ഉയർന്ന സ്ഥാനത്തിരിക്കുന്ന ആ ഉദ്യോഗസ്ഥൻ എന്തിനെയാണ് ഭയക്കുന്നതെന്ന് മനസിലാകുന്നില്ല. ഇത്രയധികം നീതിനിഷേധം ഉണ്ടായിട്ടും താനോ ഒപ്പമുള്ളവരോ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ. ഈ ദിവസമെല്ലാം പെരുവഴിയിൽ നിർത്തി ഇങ്ങനെ കഷ്ടപ്പെടുത്തിയിട്ടോ, തൻ്റെ മുഖം പൊതുജനം കണ്ട് അപമാനം ഉണ്ടായിട്ടോ പോലും ആരോടും മോശമായൊന്ന് സംസാരിച്ചിട്ട് പോലുമില്ല. ശസ്ത്രക്രിയക്ക് ശേഷം അർധബോധാവസ്ഥയിലാണ് പീഡിപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ പരിചയമില്ലാത്ത ആരെ കണ്ടാലും ഇപ്പോള്‍ ഭയമാണ് തോന്നുന്നത്. ഇത്രയധികം കേസുകളെയും ഇരകളെയും കാണാറുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പോലും ഇതൊന്നും മനസിലാകില്ല എന്നായാൽ എന്തൊരു കഷ്ടമാണ്. കുറഞ്ഞപക്ഷം ഈ ഉദ്യോഗസ്ഥർ സ്വന്തം വീട്ടിലെ സ്ത്രീകളുടെ മുഖമെങ്കിലും ഓർക്കണം.”

ഇങ്ങനെ അപമാനിച്ചാല്‍ എവിടെയെങ്കിലും പോയി ഒളിക്കും എന്ന് കരുതിയാണെങ്കില്‍ അതുണ്ടാവില്ല. നീതിക്കായി പോരാടും. ഈ അനുഭവം ഇനി ഒരു സ്ത്രീയ്ക്കും ഉണ്ടാകാതിരിക്കാനാണ് ഇത്. അതിനാല്‍ പകുതിവഴിയില്‍ അവസാനിപ്പിക്കില്ല; അതിജീവിത പറയുന്നു. സമരത്തിന് പിന്തുണയുമായി നിരവധി സംഘടനകള്‍ എത്തുന്നുണ്ട്.

2023 മാര്‍ച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ കിടക്കുമ്പോള്‍ ആശുപത്രി ജീവനക്കാരന്‍ യുവതിയെ പീഡിപ്പിച്ചത്. അനസ്തേഷ്യയുടെ മയക്കത്തിലായിരുന്നു അപ്പോള്‍. ഇത് സംബന്ധിച്ച് അന്നത്തെ ഗൈനക്കോളജിസ്റ്റ് ഡോ.പ്രീതി നല്‍കിയ റിപ്പോര്‍ട്ടില്‍ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതയ്ക്ക് പോലീസ് നിഷേധിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top