കെപിഎസിയുടെ നാടകങ്ങള്‍ ഇനി യുട്യൂബില്‍ കാണാം; കേരളത്തിന്റെ വിപ്ലവ ചരിത്രം ലോകമെങ്ങും എത്തുന്നു

നാല്പതുകളിലും അമ്പതുകളിലും മലയാളികളില്‍ പുരോഗമന ചിന്തകളുണര്‍ത്തിയ കെപിഎസിയുടെ(കേരള പീപ്പിള്‍സ്ആര്‍ട്ട്‌സ് ക്ലബ്) നാടകങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കെത്തുന്നു. കെപിഎസിയുടെ യുട്യൂബ് ചാനലിലൂടെയാണ് പഴയകാല നാടകങ്ങള്‍ വീണ്ടും ജനങ്ങളിലേക്ക് എത്തുന്നത്. ഈ മാസം അവസാനത്തോടെ യുട്യൂബ് ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കും. 25 പ്രധാന നാടകങ്ങളാണ് ഇത്തരത്തില്‍ എത്തുന്നത്. 75 വര്‍ഷം പൂര്‍ത്തിയാക്കിയ നാടക സമിതിയുടെ 67 നാടകങ്ങളാണ് ഡിജിറ്റലാകുന്നത്.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍ , ഒളിവിലെ ഓര്‍മ്മകള്‍, സര്‍വെക്കല്ല് തുടങ്ങിയ നാടകങ്ങളാണ് ആദ്യഘട്ടത്തില്‍ യുട്യൂബിലൂടെ എത്തുന്നത്. മലയാള നാടക വേദിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് ഈ നാടകങ്ങള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയ പ്രചരണത്തിന്റെ ഭാഗമായാണ് കെപിഎസി സ്ഥാപിച്ചത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം ഒരു തലമുറയുടെ മുഴുവന്‍ വിപ്ലവസ്വപ്നങ്ങളെ ആവിഷ്‌കരിച്ചു. അത് കേരള സാമൂഹികചരിത്രത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയിലും അസാധാരണമാംവിധം സ്വാധീനം ചെലുത്തി.

‘ആ കൊടിയിങ്ങു താ മക്കളേ… ഞാനതൊന്ന് പൊക്കിപ്പൊക്കി പിടിക്കട്ടെ.” എന്ന് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ നായികയായ മാലയോട് പരമു പിള്ള പറയുന്നത് കേട്ട് കോരിത്തരിച്ച ഒരു തലമുറ കേരളത്തില്‍ ഉണ്ടായിരുന്നു. സ്റ്റേജിനുനടുവില്‍ ചെങ്കൊടി ഉയരുമ്പോള്‍ കണ്ണീരണിഞ്ഞ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അധഃസ്ഥിതരും സദസ്സിലിരുന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു: ”കമ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്.” അതാണ് കെപിഎസി ഈ നാട്ടില്‍ വിതച്ച വിപ്ലവ വിത്തുകളെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

1950-ല്‍ ജി. ജനാര്‍ദനക്കുറുപ്പ്, പുനലൂര്‍ രാജഗോപാലന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് (കെ.പി.എ.സി.) രൂപീകരിച്ചത്. എന്റെ മകനാണ് ശരി എന്ന ആദ്യനാടകം വിജയം നേടിയില്ല. 1951-ല്‍ ഒളിവിലിരിക്കെ ഈ നാടകം കാണാന്‍ നാടകസംഘത്തിലെ ഒരാളെപ്പോലെ തോപ്പില്‍ ഭാസി കുണ്ടറയിലെത്തി. ആദ്യനാടകം പരാജയപ്പെട്ടതോടെയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകമാക്കാം എന്ന ചിന്തയുണ്ടായത്. സ്റ്റേജില്‍ അവതരിപ്പിക്കാനായി ചില്ലറ മാറ്റങ്ങള്‍ വരുത്താന്‍ തോപ്പില്‍ ഭാസി സമ്മതിച്ചു. കെടാകുളങ്ങര വാസുപിള്ള എന്നൊരു ജന്മിയാണ് റിഹേഴ്‌സലിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. 8000-ഓളം വേദികളില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം അവതരിപ്പിച്ചു.

ഓലമറച്ചുകെട്ടിയ സുദര്‍ശന എന്ന കൊട്ടകയിലായിരുന്നു ആദ്യ പ്രദര്‍ശനം. കമ്യൂണിസ്റ്റുകാര്‍ സംഘടിക്കുമെന്നറിഞ്ഞ് വലിയ പോലീസ് സന്നാഹം ഈ നാടകങ്ങള്‍ നടക്കുന്നിടത്ത് എത്തിയിരുന്നു. ഗുണ്ടകളും നിരന്നു. പക്ഷേ, നാടകം കഴിഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ വന്നവരും നിശ്ശബ്ദരായിപ്പോയെന്നാണ് ചരിത്രം പറയുന്നത്. അഞ്ചുമണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന നാടകം പില്‍ക്കാലത്ത് രണ്ടേകാല്‍ മണിക്കൂറാക്കി ചുരുക്കി. 25 പാട്ടുണ്ടായിരുന്നു അന്നത്തെ നാടകത്തില്‍. സംസ്ഥാനത്തെ ജനങ്ങളില്‍ പുരോഗമന – വിപ്ലവ ചിന്തകള്‍ കെപിഎസിയിലൂടെ രൂപപ്പെട്ടതിന്റെ ചരിത്രമാണ് അവിടെ തുടങ്ങിയത്.

ലോകം മുഴുവനുമുള്ള മലയാളികളിലേക്ക് പരിചിതമായ തങ്ങളുടെ നാടകങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുട്യൂബ് ചാനല്‍ ആരംഭിക്കുന്നതെന്ന് കെപിഎ സി സെക്രട്ടറി എ ഷാജഹാന്‍ പറഞ്ഞു. സ്റ്റേജില്‍ കളിച്ച ഒട്ടു മിക്ക നാടകങ്ങളും ഹാര്‍ഡ്ഡിസ്‌കില്‍ ഷൂട്ട് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. പുതിയ തലമുറയിലേക്ക് നാടിന്റെ നാടക ചരിത്രം എത്തിക്കുക എന്ന ദൗത്യമാണ് നിറവേറ്റുന്നതെന്നും ഷാജഹാന്‍ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top