രാഹുലിനെ വധിക്കാൻ ശ്രമം; ഭയം കാരണം രാവണനായി ചിത്രീകരിക്കുന്നുവെന്നും കെപിസിസി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചത് അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാന ചെയ്തതെന്നും സുധാകരൻ ആരോപിച്ചു. നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി ക്യാംപ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണ്. ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ സുധാകരൻ പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ നിന്നും ഒരു തുള്ളി ചോരപൊടിയാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ബിജെപിയുടെ അക്രമ ആഹ്വാനത്തിനെതിരെ രാജ്യത്തെ മതേതര ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും സുധാകരന്‍ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
രാഹുലിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച പ്രതിഷേധം രേഖപ്പെടുത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here