UDF-ല്‍ തോന്നുംപടി തീരുമാനം; കണ്ണുരുട്ടി നേതൃത്വം; തദ്ദേശസ്ഥാപനങ്ങള്‍ പലവഴിക്ക്

തിരുവല്ല: നവകേരള സദസിന് ഫണ്ട് അനുവദിച്ച തിരുവല്ല നഗരസഭയ്ക്കും കോന്നി ബ്ലോക്ക് പഞ്ചായത്തിനും താക്കീതുമായി പത്തനംതിട്ട ഡിസിസി. നവകേരള സദസുമായി സഹകരണം പാടില്ലെന്ന നിർദേശം കെപിസിസി നൽകിയിട്ടുള്ളതാണെന്നും ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. കെപിസിസിയുടെ നിർദേശം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ന്യായീകരണം അംഗീകരിക്കാനാവില്ല. പാര്‍ട്ടി തീരുമാനം എല്ലാ ജനപ്രതിനിധി കളെയും അറിയിച്ചിരുന്നു. സർക്കാർ സംഘടിപ്പിക്കുന്നത് ജനദ്രോഹ സദസാണ്. പാർട്ടി തീരുമാനത്തിനെതിരെയുള്ള അച്ചടക്ക ലംഘനമായിട്ടേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനത്തെ കാണാൻ സാധിക്കൂ. തീരുമാനം തിരുത്തിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അടിയന്തിരമായി കൗൺസിൽ യോഗം നാളെ ചേർന്ന് തീരുമാനം തിരുത്താന്‍ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെ ഉത്തരവനുസരിച്ചാണ് പണം അനുവദിച്ചതെന്നും കെപിസിസിയുടെ തീരുമാനം ഡിസിസി അറിയിച്ചില്ലെന്നുമായിരുന്നു തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ് നൽകിയ വിശദീകരണം. എന്നാൽ കെപിസിസി നിലപാട് കടുപ്പിച്ചതോടെ വെട്ടിലായിരിക്കുയാണ് നഗരസഭ ചെയർപേഴ്സൺ. വിഷയം ചർച്ച ചെയ്യാൻ ഒരു യോഗം വിളിച്ചിട്ടുണ്ടെന്നും അതിന് ശേഷം പ്രതികരിക്കാമെന്ന് അനു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കഴിഞ്ഞ യോഗത്തിൽ നവകേരള സദസിന് പണം നൽകാൻ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നതായി വൈസ് പ്രസിഡൻ്റ് നീതു ചാർളി അറിയിച്ചു. തീരുമാനം ഇതുവരെ മാറ്റിയിട്ടില്ല. താൻ എൽഡിഎഫ് പ്രതിനിധിയാണെന്നും കൂടുതൽ വിവരങ്ങൾ യുഡിഎഫ് അംഗമായ പ്രസിഡൻ്റ് നൽകുമെന്നും അവർ വ്യക്തമാക്കി. പ്രസിഡൻ്റ് അമ്പിളി എം.വിയെ മാധ്യമ സിൻഡിക്കറ്റ് പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിച്ചില്ല.

നവകേരള സദസിനായി ഒരു ലക്ഷം രൂപയാണ് നവംബർ 4-ന് തിരുവല്ല നഗരസഭ അനുവദിച്ചത്. സപ്ലിമെന്ററി അജണ്ടയായി ഉൾപ്പെടുത്തിയായിരുന്നു തീരുമാനം. പ്രധാന അജണ്ട ചർച്ചചെയ്ത് അവസാനിപ്പിച്ച് ശേഷം യുഡിഎഫിലെ ഭൂരിഭാഗം കൗൺസിലർമാരും പിരിഞ്ഞു പോയിരുന്നു. ഈ സമയത്ത് ഫണ്ട് അനുവദിക്കുന്ന കാര്യം ചർച്ച ചെയ്തു പാസാക്കുകയായിരുന്നുവെന്നും തീരുമാനത്തിനെതിരെ വിമർശനമുണ്ട്. ആദ്യ ഗഢുവായി 50,000 രൂപയും നൽകിയെന്ന വാർത്ത പുറത്ത് വന്നതോടെ നഗരസഭക്കെതിരെ യുഡിഎഫിൽ നിന്നും വ്യാപക വിമർശനമുയർന്നു.

യുഡിഎഫ് ഭരിക്കുന്ന ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പണം അനുവദിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ സ്ഥാനത്ത് തുടരില്ലെന്ന താക്കീതാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് നൽകിയത്.  യുഡിഎഫിൻ്റെ പൊതുനിലപാടിന് വിരുദ്ധമായി നവകേരള സദസിന് ഫണ്ട് അനുവദിച്ച നടപടിക്കെതിരെ ഇന്ന് കെപിസിസിയും രംഗത്ത് വന്നു. പണം നൽകാൻ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് തിരുത്തണം. പാർട്ടി നിർദേശം ലംഘിച്ചാൽ കടുത്ത സ്വീകരിക്കുമെന് കെപിസിസി വീണ്ടും അറിയിച്ചു. തിരുവല്ല നഗരസഭയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കാനാണ് തീരുമാനം.

നവംബർ 10-ന് ചേർന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിലായിരുന്നു ഫണ്ട് അനുവദിക്കാനുള്ള തീരുമാനം എടുത്തത്. മുഴുവൻ യുഡിഎഫ് അംഗങ്ങളും പണം അനുവദിക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു. കെപിസിസി തീരുമാനം വരുന്നതിന് മുമ്പായിരുന്നു ഫണ്ട് നൽകാനുള്ള തീരുമാനമെടുത്തത് എന്നായിരുന്നു യുഡിഎഫ് അംഗങ്ങൾ നൽകിയ ന്യായീകരണം. യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭ ഭരണസമിതി നവകേരള സദസിന് പണം അനുവദിച്ചത് വൻ വിവാദമായിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top