കെപിസിസി ഡിജിറ്റല്‍ സെല്ലിലെ കലാപം വൈറലായി; കണ്‍വീനറിനെതിരെ സാമ്പത്തിക ക്രമക്കേടെന്ന് പരാതി; പ്രവര്‍ത്തിക്കാത്തവരാണ് പരാതിക്കാരെന്ന് സരിന്‍

തിരുവനന്തപുരം : കെപിസിസി ഡിജിറ്റല്‍ സെല്‍ കണ്‍വീനറിനെതിരെ കലാപവുമായി അംഗങ്ങള്‍. സാമ്പത്തിക തിരിമറിയടക്കം ഗുരുതരമായ ആരോപണങ്ങളാണ് കണ്‍വീനര്‍ ഡോ.പി.സരിനെതിരെ പരാതിയായി ഹൈക്കമാന്‍ഡിന് അയച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വീണ നായരടക്കം സെല്ലിലെ ആറു പേരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പ്രവര്‍ത്തിക്കാത്തവരെ ഒഴിവാക്കിയതിന്റെ പേരിലാണ് തനിക്കെതിരെ പരാതി അയച്ചതെന്നാണ് സരിന്റെ പക്ഷം.

ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റും പാര്‍ട്ടി നല്‍കിയ പണം ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന ആരോപണം. ആരോടും ആലോചിക്കാതെ സരിന്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് വീണ നായര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന്റെ ആക്ഷേപം. സരിനെതിരെ ആക്ഷേപം ഉന്നയിച്ചവരില്‍ ബഹുഭൂരിപക്ഷവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അനുയായികളാണ്.

എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്കായിരുന്നു നേരത്തെ കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ചുമതല. അനില്‍ പാര്‍ട്ടി വിട്ടതോടെയാണ് സരിന് ചുമതല നല്‍കിയത്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന സരിന്‍ ജോലി രാജിവച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് നിന്നും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഡിജിറ്റല്‍ സെല്ലിന്റെ ചുമതലയുള്ളത് കെപിസിസി വൈസ്പ്രസിഡന്റ് വി.ടി.ബലറാമിനാണ്. ബി.ആര്‍.എം.ഷഫീര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, നിഷ സോമന്‍, താര ടോജോ അലക്‌സ്, ടി.ആര്‍.രാജേഷ്, തുടങ്ങി 26 പേരാണ് അംഗങ്ങള്‍. സെല്ലിന്റെ ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്നാണ് വീണ അടക്കമുള്ളവരെ മാറ്റി 20 പേരടങ്ങുന്ന പുതിയൊരു ഗ്രൂപ്പ് കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എല്ലാം നിയമസഭാ മണ്ഡലങ്ങളിലും നിലവില്‍ ഡിജിറ്റല്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ കലാപം രൂക്ഷമായത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top