‘മിടുക്കരായ ഐഎഎസുകാര്‍ വാണ നാടാണിത്’; ദിവ്യക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. സരിന്‍
വിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച ദിവ്യ.എസ്.അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന്‍. ‘വന്‍കിട പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം മറന്നു…’ എന്നാണ് വിഴിഞ്ഞം തുറമുഖ ഡയറക്ടര്‍ ആയ ദിവ്യ ഉദ്ഘാടന വേദിയില്‍ പറഞ്ഞത്. ഇതാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശബരിനാഥന്റെ ഭാര്യയായ ദിവ്യക്കെതിരെ കോണ്‍ഗ്രസ് തിരിയാന്‍ കാരണം.
പ്രിയപ്പെട്ട ദിവ്യ എന്ന് അഭിസംബോധന ചെയ്താണ് സരിന്‍ തുടങ്ങുന്നത്. “കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം, മുൻപും മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും. കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത്. തിരുത്തുമല്ലോ.” – സരിന്‍ ചോദിക്കുന്നു.
മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് സരിന്‍. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ കസേരയില്‍ ഇരുന്നാണ് രാജി വച്ച് സരിന്‍ പടിയിറങ്ങുന്നത്. അതുകൊണ്ട് തന്നെ തനിക്ക് ദിവ്യയെ വിമര്‍ശിക്കാന്‍ കഴിയും എന്ന് സരിന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“ഇങ്ങനെ പുക്ഴത്തി പറയാതിരിക്കാമല്ലോ. പറയാതിരിക്കാം എന്നല്ല ഞാന്‍ പറഞ്ഞത്. പറയേണ്ടത് മാത്രം പറഞ്ഞാല്‍ മതിയല്ലോ എന്നാണ് പറഞ്ഞത്. മിതത്വം പാലിക്കണം. അത് ചെയ്തില്ല. ദിവ്യ തിരുത്തിയില്ലെങ്കില്‍ തിരുത്താനുള്ള ഉത്തരവാദിത്തം ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഉണ്ട്.” – സരിന്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതി പ്രവൃത്തി പഥത്തിൽ കൊണ്ടുവന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഒരക്ഷരം സംസാരിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം ട്രയല്‍ റണ്‍ ചടങ്ങില്‍ സംസാരം പൂര്‍ത്തിയാക്കിയത്. ഇത് വിവാദമായി തുടരുമ്പോള്‍ തന്നെയാണ് ദിവ്യ.എസ്.അയ്യര്‍ ചടങ്ങില്‍ പിണറായിയെ പുകഴ്ത്തി രംഗത്ത് വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here