ഡിജിറ്റല്‍ മീഡിയ കൺവീനർ ആണോ, മറുകണ്ടം ചാട്ടം ഉറപ്പ്!! കോണ്‍ഗ്രസിനെതിരെ പരിഹാസം

സിപിഎം മാതൃകയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ഇടപെടല്‍ ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ രൂപീകരിച്ചത്. പാര്‍ട്ടി പെട്ടുപോകുന്ന വിഷയങ്ങളില്‍ കൃത്യമായ പ്രതിരോധവും എതിരാളികൾക്കെതിരെ ആക്രമണവും ഉറപ്പാക്കുന്ന സിപിഎം സൈബര്‍ കടന്നലുകളുടെ പ്രവര്‍ത്തനം മാതൃകയാക്കിയായിരുന്നു തുടക്കം. എന്നാല്‍ ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിയില്ല.

ഇപ്പോള്‍ ഈ സെല്ലിനെ സംബന്ധിച്ച് മറ്റൊരു പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്നത്. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായാല്‍ കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാടും എന്നാണ് പരിഹാസം. സെല്‍ രൂപീകരിച്ചപ്പോള്‍ ആദ്യം കണ്‍വീനറാക്കിയത് എകെ ആന്റണിയുടെ മകൻ അനില്‍ ആന്റണിയെ ആയിരുന്നു. കേരള രാഷ്ട്രീയത്തിലേക്ക് മകനെ അവതരിപ്പിക്കാൻ ആന്റണി തന്നെ മുന്‍കൈയെടുത്ത് നടത്തിയ നീക്കമായിരുന്നു ഈ നിയമനം. എന്നാല്‍ അനില്‍ ആന്റണി ഒരു ഇംപാക്ടും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയില്ല. ഇവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ അച്ഛനേയും അച്ഛന്റെ പാര്‍ട്ടിയേയും തളളിപ്പറഞ്ഞ് ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.

അനില്‍ ആന്റണി പാർട്ടി വിട്ടതോടെയാണ് പി സരിനെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറാക്കിയത്. സരിന്‍ വന്നതോടെ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ ഇടപടലില്‍ മാറ്റം വന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനിടെ വിഡി സതീശനുമായി സരിന്റെ ബന്ധത്തില്‍ വിളളല്‍ വന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും സതീശനും തമ്മില്ലുണ്ടായ അസ്വാരസ്യം ദൃശ്യങ്ങൾ സഹിതം പുറത്തായതിൽ സരിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസില്‍ ആരോപണമുണ്ട്. വാർത്താസമ്മേളനത്തിന് തൊട്ടുമുൻപ് ഉണ്ടായ ഈ തർക്കം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ ടീമിന്റെ ക്യാമറയിലാണ് പതിഞ്ഞതെന്നും ഇതുവഴിയാണ് മറ്റ് മാധ്യമങ്ങൾക്ക് കിട്ടിയതെന്നും സതീശൻ ക്യാംപ് വിശ്വസിക്കുന്നു. ഇതോടെ ഉലഞ്ഞ ബന്ധമാണ് പാലക്കാട് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെ പൊട്ടിത്തെറിയിലെത്തിയത്. രണ്ടാമത്തെ ഡിജിറ്റല്‍ സെല്‍ കണ്‍വീനറും ഇങ്ങനെ പാര്‍ട്ടിക്ക് പുറത്തായി.

ഇനി ആരാകും ആ സ്ഥാനത്ത് എത്തുകയെന്നും അയാളും പാര്‍ട്ടിവിടുമോ എന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top