സിപിഎം-ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകി കെപിസിസി; കോൺഗ്രസിനെ പരിഹസിച്ചും എം.വി. ഗോവിന്ദനെ പിന്തുണച്ചും മുഖ്യമന്ത്രി
തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തിന് പിന്നാലെ നടത്തിയ വിദ്വേഷ പ്രതികരണങ്ങളില്‍ ഡിജിപിക്ക് പരാതി കെപിസിസി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ബിജെപി നേതാവ് സന്ദീപ് ജി. വാര്യര്‍, ഇടത് സഹയാത്രികനായ സെബാസ്റ്റ്യന്‍ പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെയായിരുന്നു കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ പരാതി നൽകിയത് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 153 എ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം; എം.വി. ഗോവിന്ദനെ പിന്തുണച്ചും കെപിസിസിയുടെ പരാതിയെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിച്ചു. ഗോവിന്ദന്‍ ഒരുതരത്തിലുള്ള വിദ്വേഷ പ്രചാരണവും നടത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മറ്റവരെ സഹായിക്കണം എന്ന മനസ്സിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതി നല്‍കിയതെന്നും ആരോപിച്ചു. കേരളീയം പരിപാടിയെപ്പറ്റി വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പരാതിയില്‍ കേന്ദ്രമന്ത്രിയുടെ പേരില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവരെയൊന്ന് സുഖിപ്പിക്കാന്‍ വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെയാണ് പരാതി എന്ന് വരുത്താന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
“മറ്റേതല്ല ഞങ്ങളുടെ പ്രധാനപ്രശ്‌നം എന്ന് കാണിക്കാനാണ്. ആ ഒരു കളി കോണ്‍ഗ്രസിന്റെ ചില നേതാക്കന്മാര്‍ കളിക്കുന്നത് എല്ലാവര്‍ക്കും മനസിലാവുന്ന കാര്യമാണ്. എന്താണ് ഉള്ളിലുള്ളതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ ” – മുഖ്യമന്ത്രി ചോദിച്ചു
കേരളജനത ഒന്നടങ്കം പലസ്തീന്‍ ജനങ്ങളോട് ഒപ്പംനിന്ന് പൊരുതുമ്പോള്‍ അതില്‍നിന്ന് ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കര്‍ശനനിലപാട് സ്വീകരിക്കണമെന്നായിരുന്നു കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ എം.വി. ഗോവിന്ദന്റെ പ്രസ്താവന. ഇതിനെതിരെയാണ് കെപിസിസി പരാതി നൽകിയത്.
അതേ സമയം, എം.വി. ഗോവിന്ദന്‍റെ അഭിപ്രായത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാടെന്ന് യെച്ചൂരി അറിയിച്ചു. ഗോവിന്ദന്‍ ഏതു സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയതറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കളമശ്ശേരി ബോംബ് സ്ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here