കെപിസിസി യോഗം പന്തലിട്ടുകൂടാം; കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിക്ക് ജംബോ കമ്മറ്റി വീണ്ടും; 77 അംഗ പട്ടിക പുറത്തുവിട്ട് പ്രസിഡന്റ്
തിരുവനന്തപുരം: ലോകത്ത് ഒരു പാര്‍ട്ടിക്കും ഇത്രയധികം സെക്രട്ടറിമാരുണ്ടാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ എല്ലാവരും സജീവമാണെന്ന് ഉറപ്പിക്കാന്‍ വേണ്ടപ്പെട്ടവരെയെല്ലാം ഉൾപ്പെടുത്തി കെപിസിസിയില്‍ പുനസംഘടന. സെക്രട്ടറിമാരായി 77 പേരെ നിയമിച്ചുകൊണ്ടുള്ള പട്ടിക പുറത്തുവിട്ടു. എഐസിസിയുടെ അനുവാദത്തോടെയാണ് ഇത്രയും പേരെ നിയമിക്കുന്നതെന്ന് നിയമന ഉത്തരവില്‍ പറയുന്നു. ജംബോ പട്ടികയെ എതിര്‍ത്താണ് കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായത്. ഇപ്പോള്‍ സുധാകരനും ‘ജംബോ’ വഴിയില്‍ തന്നെ. അങ്ങനെ സെക്രട്ടറിമാരെ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാകും ഇനി കെപിസിസിആസ്ഥാനമായ ഇന്ദിരാ ഭവനുണ്ടാകുക.
മുല്ലപ്പള്ളിയുടെ കാലത്തുള്ള മുഴുവന്‍ പേരെയും തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്. നിലവിലെ 22 ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെയാണ് സെക്രട്ടറിമാരുടെ ജംബോ പട്ടിക. അതായത് ഈ രണ്ട് പദവികളിൽ മാത്രം 99 പേര്‍. മൂന്നക്ക നമ്പറിന്റെ പേരുദോഷം ഒഴിവാക്കാനാണ് ഇവരെ 77ല്‍ ചുരുക്കിയത്! എല്ലാ വിഭാഗങ്ങളെയും ഉള്ളക്കൊള്ളിക്കുന്ന മാജിക്കാണ് സംഭവിക്കുന്നത്. ചില അസ്വാരസ്യങ്ങള്‍ ഇനിയും ബാക്കിയുണ്ടാകും.
കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷം ജനറല്‍ സെക്രട്ടറിമാരെ പുതുതായി കണ്ടെത്തുകയും കെപിസിസി എക്‌സിക്യുട്ടീവ് സമിതിയിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സെക്രട്ടറിമാരെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പലതവണ നടന്നെങ്കിലും ഗ്രൂപ്പ് പ്രശ്‌നങ്ങളും മറ്റു തര്‍ക്കങ്ങളും കാരണം നീണ്ടുപോവുകയായിരുന്നു. പല കോണ്‍ഗ്രസുകാരെയും സിപിഎമ്മും ബിജെപിയും നോട്ടമിടുന്നുണ്ട്. ഈ കടത്തല്‍ ഒഴിവാക്കാനും കൂടിയാണ് എല്ലാവര്‍ക്കും യഥേഷ്ടം പദവി അനുവദിക്കുന്നത്. ഇതോടെ കൂറുമാറ്റ ഭീഷണി തടയാമെന്നാണ് പ്രതീക്ഷ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ എല്ലാ നേതാക്കളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൂടുതല്‍ പരാതികളില്ലാതെ മുന്നോട്ടു പോവുകയെന്ന ലക്ഷ്യത്തോടെ, നേരത്തെ ഉണ്ടായിരുന്ന 77 സെക്രട്ടറിമാരെ തുടരാന്‍ അനുവദിക്കുകയായിരുന്നു എന്ന് സുധാകരനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതോടെ ആകെ 106 ഭാരവാഹികളാണ് കെപിസിസിക്ക് ഉണ്ടാവുക. വൈസ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയാണ് ഇത്. ട്രഷററുടെ പദവി ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കെപിസിസി ട്രഷററായിരുന്ന പ്രതാപചന്ദ്രന്റെ മരണമാണ് ഈ ഒഴിവിന് കാരണം.
പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. പുതുതായി സെക്രട്ടറി പദം മോഹിച്ചവരാണ് പരാതിക്കാര്‍. ഇവര്‍ക്കും സ്ഥാനങ്ങളെന്തെങ്കിലും കെപിസിസി നല്‍കിയേക്കും. ഇതിനുള്ള ചര്‍ച്ചയും നടക്കും. മുല്ലപ്പള്ളിയുടെ കാലത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ അനുസരിച്ചുള്ള ആളുകളാണ് പുതിയ പട്ടികയിലുള്ളത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഇതെല്ലാം മാറ്റിമറിച്ചു. ഇനിയൊരു പുനഃസംഘടന തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.
കഴിഞ്ഞ മാസം കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചിരുന്നു. അതും ജംബോ സ്വഭാവമുള്ളതായിരുന്നു. എന്നാല്‍ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്താനാണ് ജംബോ കമ്മിറ്റി രൂപീകരിച്ചത് എന്നായിരുന്നു അന്നും നേതൃത്വത്തിന്റെ വിശദീകരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here