ഇടഞ്ഞ കെ മുരളീധരനെ മെരുക്കാന്‍ നീക്കങ്ങള്‍ സജീവം; ദേശീയ നേതാക്കള്‍ തന്നെ സംസാരിക്കുന്നു
കോണ്‍ഗ്രസില്‍ എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീര്‍ത്തെന്ന് നേതാക്കളും പറയുമ്പോഴും ഓരോ ദിവസവും പുറത്തു വരുന്നത് അസ്വസ്ഥതയുടെ വാര്‍ത്തകളാണ്. തൃശൂരിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ഇടഞ്ഞ കെ മുരളീധരനെ വളരെ പണിപ്പെട്ടാണ് കോണ്‍ഗ്രസ് അനുനയിപ്പിക്കാനുളള ശ്രമം നടത്തിയത്. എന്നാല്‍ പരസ്യ പ്രതികരണങ്ങളില്‍ മയപ്പെട്ടതല്ലാതെ തന്നെ തോല്‍പ്പിച്ചവര്‍ക്കെതിരെ പാര്‍ട്ടി ഒരു നടപടിയും എടുത്തില്ലെന്നതില്‍ മുരളീധരന്‍ ഇപ്പോഴും അസ്വസ്ഥനാണ്.
വടകരയില്‍ നിന്ന് മാറ്റിയതില്‍ തുടങ്ങി പാലക്കാട് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവാദം വരെയുള്ള വിഷയങ്ങളാണ് മുരളീധരനെ വേദനിപ്പിക്കുന്നത്. കോണ്‍ഗ്രസിലെ നോമിനി സ്ഥാനാര്‍ഥിത്വത്തിലും മുരളീധരന് എതിര്‍പ്പുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയാണ് എന്നതിലാണ് കടുത്ത എതിര്‍പ്പ് ഉന്നയിക്കുന്നത്. വട്ടിയൂര്‍ക്കാവ് വിട്ട് പോയപ്പോള്‍ താന്‍ ആരേയും നോമിനിയിക്കായില്ല എന്നത് ഉയര്‍ത്തിയാണ് ഈ വിമര്‍ശനം കടുപ്പിക്കുന്നത്.
വടകരയില്‍ നിന്നായിരുന്നു മത്സരിച്ചതെങ്കില്‍ വിജയം ഉറപ്പായിരുന്ന എന്ന വികാരം മുരളീധരനുണ്ട്. പാര്‍ട്ടിയുടെ ആവശ്യത്തിനാണ് മണ്ഡലം മാറിയത് എന്നാല്‍ അത് അപമാനിക്കാനുളള നീക്കമായാണ് ഇപ്പോള്‍ കരുതുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് ഉറപ്പിച്ച് പറയുമ്പോള്‍ മുരളീധരന്റെ മനസില്‍ 2029ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റാണെന്ന് ഉറപ്പാണ്.
പാലക്കാടും പ്രചാരണത്തിന് പോകില്ലെന്ന തീരുമാനത്തില്‍ മുരളീധരന്‍ മയപ്പെട്ടിട്ടുണ്ട്. ദേശീയ നേതാക്കള്‍ ഇടപെട്ടാണ് മുരളിയെ പലക്കാട് എത്തിക്കുന്നത്. തിരഞ്ഞെടുപ്പു വരെ കോണ്‍ഗ്രസിലെ ആഭ്യന്തപ്രശ്‌നങ്ങളില്‍ ചര്‍ച്ചയാക്കരുതെന്ന നിര്‍ദേശവും നേതാക്കള്‍ മുരളിക്ക് മുന്നില്‍ വച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here