കെപിസിസി ഭിന്നതയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടേക്കും; സുധാകരനെ നീക്കാനും സാധ്യത

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള അകല്‍ച്ച തുടരവേ പ്രശ്നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. നിലവിലെ ഭിന്നത വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. സതീശനും സുധാകരനും തമ്മില്‍ കഴിഞ്ഞ ദിവസം നടത്താനിരുന്ന സംയുക്ത വാര്‍ത്താസമ്മേളനം പിന്‍വലിച്ചതോടെ പ്രശ്നങ്ങള്‍ കൈവിട്ട അവസ്ഥയിലാണ് എന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്.

കെപിസിസി പുനസംഘടന ഉടന്‍ ഉണ്ടായേക്കും എന്നാണ് സൂചന. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാനും സാധ്യത നിലനില്‍ക്കുന്നു. സുധാകരന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നീക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ഇത് മനസിലാക്കി തന്നെയാണ് നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയും എന്ന് സുധാകരന്‍ പ്രഖ്യാപിച്ചതും. 63 മണ്ഡലങ്ങളില്‍ ജയസാധ്യതയുണ്ടെന്നും അത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ സതീശന്‍ നിര്‍ദേശിച്ചത് ആണ് വീണ്ടും പൊട്ടിത്തെറിക്ക് വഴിമരുന്നിട്ടത്.

എങ്ങനെയാണ് ഈ 63 മണ്ഡലങ്ങള്‍ തീരുമാനിച്ചത് എന്ന് യോഗത്തില്‍ എ.പി.അനില്‍കുമാര്‍ ചോദിച്ചതോടെയാണ് രാഷ്ട്രീയകാര്യ സമിതിയോഗം കലങ്ങിയത്. അനില്‍കുമാര്‍ എഐസിസി സംഘടനാ സെക്രട്ടറി കെ.സി.വേണുഗോപാലിന് ഒപ്പം നില്‍ക്കുന്ന നേതാവാണ്‌. അനില്‍കുമാര്‍ ഇടപെട്ടതോടെ സതീശന്‍ പ്രസംഗം നിര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് 63 മണ്ഡലങ്ങളെ കുറിച്ചുള്ള വിവാദവും തുടങ്ങിയത്. ഐ ഗ്രൂപ്പ് ഈ പ്രശ്നത്തില്‍ സതീശന് എതിരെ രംഗത്തുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top