മറിയക്കുട്ടിക്ക് പുതിയ വീട്; കെ.സുധാകരന്‍ താക്കോല്‍ കൈമാറി
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച് ശ്രദ്ധേയയായ മറിയക്കുട്ടിക്ക് പുതിയ വീട്. കെപിസിസി നിര്‍മ്മിച്ച് നല്‍കിയ പുതിയ വീടിന്റെ താക്കോല്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് കൈമാറിയത്. കഴിഞ്ഞ മഴയത്ത് വെള്ളത്തില്‍ കിടക്കുകയായിരുന്നു. വലിയ വീടാണ് കോണ്‍ഗ്രസ് നല്‍കിയത്. – താക്കോല്‍ ഏറ്റുവാങ്ങിയ ശേഷം മറിയക്കുട്ടി പറഞ്ഞു.
ജനുവരിയിലാണ് വീടിന്റെ പണി തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ വീട് പണി കെപിസിസി പൂര്‍ത്തിയാക്കി. 12 ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചത്. അഞ്ചുലക്ഷം രൂപ കെപിസിസി നൽകി. ബാക്കി തുക കോണ്‍ഗ്രസുകാര്‍ സമാഹരിക്കുകയാണ് ചെയ്തത്.
ക്ഷേമപെന്‍ഷന്‍ മുടങ്ങിയപ്പോള്‍ വ്യത്യസ്ത സമരമാര്‍ഗം തുറന്ന മറിയക്കുട്ടി സിപിഎമ്മിനെയും ഇടത് സര്‍ക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. മറിയക്കുട്ടിക്ക് സ്വന്തമായി വീടും സ്ഥലവും ഉണ്ടെന്നും മകള്‍ വിദേശത്താണെന്നും പറഞ്ഞ് വാര്‍ത്ത നല്‍കിയ പാര്‍ട്ടി പത്രം ദേശാഭിമാനിക്ക് പരസ്യമായി മാപ്പ് പറയേണ്ടി വന്നു. മറിയക്കുട്ടിയുടെ ദൈന്യത മനസിലാക്കിയാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മറിയക്കുട്ടിക്ക് വീട് നിര്‍മിക്കാന്‍ രംഗത്ത് വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here