കടക്കൂ പുറത്തെന്ന് ദീപ്തി മേരി വർഗീസ് !! എതിർസ്വരം ഉയർത്തിയാൽ പുറത്താക്കുന്ന കോൺഗ്രസ് വാട്സാപ് ഗ്രൂപ്പ്

കോണ്‍ഗ്രസിന്റെ മീഡിയ വാട്‌സാപ് ഗ്രൂപ്പില്‍ നിന്നും ഒരു പുറത്താക്കല്‍ കൂടി വിവാദമാകുന്നു. കെ.പി.സി.സി. അംഗം അഡ്വ. ജെഎസ് അഖിലിനെയാണ് അവസാനമായി പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എക്ക് അനുകൂലമായി ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതിനാണ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടി അനുമതി ഇല്ലാതെയാണ് അഖില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് ചൂണ്ടികാട്ടിയാണ് മാധ്യമ വിഭാഗത്തിന്റെ ചുമതലയുളള അഡ്വ. ദീപ്തി മേരി വര്‍ഗീസ് നടപടിയെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി ഒരു നടപടി എടുക്കുന്നത് ആലോചിക്കുക പോലും ചെയ്യുന്നതിന് മുമ്പാണ് ദീപ്തിയുടെ നടപടിയെടുക്കല്‍. എന്നാല്‍ അഖിലിനെതിരെ സ്വീകരിച്ചത് പാര്‍ട്ടി നടപടിയല്ലെന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി എം ലിജു നല്‍കിയിരിക്കുന്ന വിശദീകരണം. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ ഉള്‍പ്പെടുത്തി ദീപ്തി തന്നെ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പില്‍ നിന്നാണ് അഖിലിനെ നീക്കിയത്. അതിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് വിശദീകരണം.

തനിക്ക് താല്പ്പര്യമില്ലാത്തവരെ പുറത്താക്കുകയാണ് ദീപ്തി ചെയ്യുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ ഷമ മുഹമ്മദിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയത് വിവാദമായിരുന്നു. കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ദീപ്തി ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്തത്. എന്നാല്‍ ഇക്കാര്യം വലിയ ചര്‍ച്ചയായി. ഷമ തന്നെ വിമര്‍ശനവുമായി രംഗത്തെത്തി. കേരളത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചതിന് പിന്നാലെ ഷമയെ വീണ്ടും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഗ്രൂപ്പില്‍ നിന്നും വീണ്ടും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാന നേതാക്കളും കോണ്‍ഗ്രസുമായി ബന്ധമുള്ളവരുമാണ് ദീപ്തിയുടെ ഗ്രൂപ്പിലുളളത്. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് നിലപാട്, സര്‍ക്കാരിനെതിരായി ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍, ആരൊക്കെ ഏത് ചാനലില്‍ ചര്‍ച്ചക്ക് പങ്കെടുക്കണം തുടങ്ങിയ വിവരങ്ങളാണ് ഈ ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നത്. ദീപ്തിയെ കൂടാതെ കെപിസിസി ഓഫീസിലെ രണ്ട് ജീവനക്കാരുമായിരുന്നു ഈ ഗ്രൂപ്പിലെ മറ്റ് അഡ്മിന്‍മാര്‍. കോണ്‍ഗ്രസ് രൂപീകരിച്ച ഗ്രൂപ്പ് അല്ലെങ്കിലും പാര്‍ട്ടുയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ആള്‍ രൂപീകരിച്ച് ഗ്രൂപ്പിന് ഔദ്യോഗിക സ്വഭാവമില്ലേ എന്നാണ് പുറത്താക്കപ്പെടുന്നവര്‍ ചോദിക്കുന്നത്. ഒപ്പം പാര്‍ട്ടി ഒരു നടപടിയെ കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നതിന് മുന്‍പ് നടപടിയെടുത്ത് ഒരു സൂപ്പര്‍ പാര്‍ട്ടിയായി ദീപ്തി മാറുകയാണോ എന്നും ഇവര്‍ ചോദിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top