കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ലിന് കാരണം വെള്ളമടിയെന്ന് കെപിസിസി പ്രസിഡന്റ്; പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി; പ്രതിപക്ഷ നേതാവിനെ തള്ളി കെ സുധാകരന്‍
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നടന്ന കെഎസ്‌യു തെക്കന്‍ മേഖല ക്യാമ്പില്‍ പ്രവര്‍ത്തകര്‍ മദ്യപിച്ചു തല്ലു കൂടിയെന്ന ആരോപണം കെപിസിസി പ്രസിഡന്റ് ശരി വെച്ചതോടെ സംഘടനയും കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായി. കെഎസ്‌യുവിന്റെ സ്ഥാപക ദിനത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ കെ സുധാകരന്റെ ഞെട്ടിപ്പിക്കുന്ന ഏറ്റുപറച്ചില്‍ ഉണ്ടായിരിക്കുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
കെഎസ്‌യു പ്രവര്‍ത്തകര്‍ മദ്യപിച്ചോ എന്നറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതിനെ ഖണ്ഡിക്കുന്ന വിധത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ നിലപാട്. “ക്യാമ്പില്‍ നടന്ന കാര്യങ്ങള്‍ മഹാമോശമായിപ്പോയി. ചെറുപ്പക്കാര്‍ കുട്ടികളാണ്. അവിടെ മദ്യമുപയോഗിച്ച് തമ്മില്‍ തല്ലിയെന്ന് പറയുന്നു. വളരെ മോശമാണ്. പാര്‍ട്ടിക്ക് ഒരു വലിയ അപമാനമാണ് എന്ന നിലയിലാണ് ഞാനിതിനെ നോക്കിക്കാണുന്നത്” സുധാകരന്‍ പറയുന്നു
കെഎസ്‌യു ക്യാമ്പില്‍ നടന്ന അടിപിടിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ 67-ാം ജന്മദിനാഘോഷങ്ങള്‍ ഇന്ന് നടക്കുമ്പോഴാണ് പാര്‍ട്ടി അധ്യക്ഷന്റെ കുമ്പസാരം.
പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കൂട്ടത്തല്ലിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ തമ്മില്‍ തിരഞ്ഞെടുപ്പ് കാലത്തു തന്നെ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം എന്തായാലും കെപിസിസി അധ്യക്ഷനെ മാറ്റുമെന്നാണ് സുധാകര വിരുദ്ധപക്ഷത്തുള്ളവര്‍ പറയുന്നത്.
കെ. സുധാകരനെ പങ്കെടുപ്പിക്കാതെ നടന്ന മേഖലാ ക്യാമ്പിനെതിരെ സംഘടനയ്ക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന്റെ അടുപ്പക്കാരനാണ് കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വിഡി സതീശനായിരുന്നു ക്യാമ്പിന്റെ ഉദ്ഘാടനം നടത്തിയത്. സമാപന ദിവസമായ മെയ് 26 രാത്രിയിലാണ് കൂട്ടത്തല്ലുണ്ടായത്. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങള്‍ രാത്രി തന്നെ ചാനലുകള്‍ക്കും മറ്റും സുധാകരപക്ഷത്തുള്ള വിദ്യാര്‍ത്ഥികള്‍ എത്തിച്ചിരുന്നു. ക്യാമ്പിലെ സംഘര്‍ഷത്തിനിടയില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിത്തകര്‍ത്തിരുന്നു. കൂട്ടത്തല്ലിനെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ സമിതിയെ നിയമിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here