പോലീസിന്റെ തെമ്മാടിത്തത്തിന് തിരിച്ചടി നല്‍കും; വനിതാ നേതാക്കളെ അപമാനിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ സുധാകരന്‍
പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ അര്‍ധരാത്രി പരിശോധന നടത്തിയ പോലീസിന്റെ നടപടി ആണത്തമില്ലാത്ത തെമ്മാടിത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതിന് ശക്തമായ തിരിച്ചടി നല്‍കും. എല്ലാകാലവും ഇടതു ഭരണത്തിന്റെ സംരക്ഷണം ലഭിക്കുമെന്ന് പോലീസ് കരുതരുതെന്നും സുധാകരന്‍ പറഞ്ഞു. വനിതാ നേതാക്കളുടെ മുറിയില്‍ കയറിയ പോലീസുകാരെ പൂട്ടിയിടണമായിരുന്നു. അര്‍ധരാത്രിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ഈ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ പറഞ്ഞു.
അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന ടി പി രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരന്‍ പറഞ്ഞു. സ്വന്തം മുറിയിലൊന്ന് വന്ന് നോക്കട്ടെ. നേതാക്കളായാല്‍ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് സുധാകരന്‍ പറഞ്ഞു. പരിശോധന നടത്തി രണ്ട് ചാക്ക് കള്ളപ്പണം കൊണ്ടുപോയോ എന്നും സുധാകരന്‍ ചോദിച്ചു.
കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും സിപിഎമ്മും ബിജെപിയുമാണ്. കോടികള്‍ അധികാരം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് പിണറായി വിജയന്‍. രാജ്യം നന്നാക്കലല്ല കുടുംബത്തെ നന്നാക്കുകയാണ് ലക്ഷ്യം. പൊലീസുകാരെ കയറൂരി വിടുന്ന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here