കെ.സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു; പാസ്വേഡ് ഉള്‍പ്പെടെ മാറ്റി; ഡിജിപിക്ക് പരാതി
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ എക്സ് അക്കൗണ്ട്( ട്വിറ്റര്‍) ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. പേജിന്റെ പാസ്വേഡ് ഉള്‍പ്പെടെ അജ്ഞാതര്‍ മാറ്റിയിട്ടുണ്ട്. അതിനാല്‍ ഈ പേജിന്റെ നിയന്ത്രണം പൂര്‍ണ്ണമായും തിരിച്ചെടുക്കാന്‍ സുധാകരന്റെ ഐടി ടീമിന് കഴിഞ്ഞിട്ടില്ല.
കെ.സുധാകരന് എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റി. എന്നാല്‍ @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജില്‍ കെ.സുധാകരന് എന്ന പേരിന്റെ സ്ഥാനത്ത് ഒന്ന് എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് പരാതി നല്കി. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഹാക്കര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയപേജ് തിരികെ കിട്ടുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് എക്സിനോടും സുധാകരന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here