ഹസന്‍ എടുത്ത ചില തീരുമാനങ്ങള്‍ പുനപരിശോധിക്കുമെന്ന് സുധാകരന്‍; പ്രചാരണത്തിന് പോകാതെ പിണറായി മുങ്ങിയത് കൊടുംചതി; കണ്ണൂരില്‍ വിജയം ഉറപ്പെന്നും പ്രതികരണം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തിയ കെ.സുധാകരന്‍ ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസനെതിരെ. അധ്യക്ഷ സ്ഥാനത്ത് നിന്നും ഹസന്‍ മാറാന്‍ വൈകിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു. “പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളില്ല. ഹസന്‍ എടുത്ത തീരുമാനങ്ങളില്‍ പരാതിയുള്ളവ പുനപരിശോധിക്കും. എഐസിസി നിര്‍ദേശപ്രകാരമാണ് ഞാന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ചുമതലയേല്‍ക്കലില്‍ കീഴ് വഴക്കങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ല. സംഘടനാ നടപടി നേരിട്ടവരെ ഹസന്‍ തിരിച്ചെടുത്ത സാഹചര്യത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ല. അത് പുനഃപരിശോധിക്കണമോ എന്നത് ആലോചിക്കും. ഞാന്‍ തിരികെ ചുമതലയേല്‍ക്കുമ്പോള്‍ എന്തുകൊണ്ട് വന്നില്ല എന്ന് ഹസനോട് വിളിച്ചു ചോദിക്കും” – സുധാകരന്‍ പറഞ്ഞു.
“കണ്ണൂരില്‍ 100 ശതമാനം വിജയം ഉറപ്പാണ്. കണ്ണൂരില്‍ വിജയിച്ചാല്‍ രണ്ട് ചുമതലകളും ഒന്നിച്ചു കൊണ്ടു പോകണമോ എന്നത് ആലോചിക്കും. എല്ലാ നേതാക്കളും തന്റെ ഒപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹം. പ്രതിപക്ഷ നേതാവ് ബഹുമുഖ വൈഭവമുള്ളയാളാണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും വിട്ടുകൊടുക്കും. കീഴ്വഴക്കങ്ങളുടെ ഭാഗമായിട്ടാണ് അധ്യക്ഷ പദവിയില്‍ ഇരിക്കുന്നത്.”
“മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി വിദേശത്തേക്കു മുങ്ങിയത്. വിവിധ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിന് പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത കൊടുംചതിയാണ്. കോണ്‍ഗ്രസ്സാണ് ഇവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ അതീവരഹസ്യമായി വിദേശയാത്ര നടത്തിയിട്ടില്ല. 2005ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദാവോസില്‍ സാമ്പത്തിക ഉച്ചകോടിയില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ അന്ന് ധനമന്ത്രി വക്കം പുരുഷോത്തമന് ചുമതല കൈമാറിയിരുന്നു. മന്ത്രിസഭയിലെ മരുമകനൊഴികെ മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അവരൊക്കെ കഴിവുകെട്ടവരായതു കൊണ്ടാണോ ചുമതല കൈമാറാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.” – സുധാകരന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here