ഭിന്നത മറയ്ക്കാൻ ന്യായീകരണ പോസ്റ്റുമായി കെപിസിസി അധ്യക്ഷൻ; പഴി പിണറായിക്കും മാധ്യമങ്ങൾക്കും

കോൺഗ്രസിൽ കെ.സുധാകരനും വി.ഡി.സതീശനും രണ്ട് വഴിക്കാണ് എന്ന പ്രചാരണത്തിന് പിന്നില്‍ മുഖ്യമന്ത്രിയും മാധ്യമങ്ങളുമെന്ന വിശദീകരണവുമായി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. പിണറായിയുടെ സ്വർണ്ണക്കടത്തിൽ നിന്നുള്ള വിഹിതം പറ്റിയാണ് മാധ്യമങ്ങൾ തനിക്കും കോൺഗ്രസിനുമെതിരെ കള്ളക്കഥ ചമയ്ക്കുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ. ഗ്രൂപ്പ് തർക്കങ്ങൾക്കപ്പുറം സംഘടനയെ നയിക്കുന്ന രണ്ട് നേതാക്കൾ തമ്മിലുള്ള ഭിന്നത കേരളത്തിൽ പാർട്ടിക്കുള്ള അനുകൂലാവസ്ഥ ഇല്ലാതാക്കുന്നു എന്ന വിമർശനങ്ങൾക്കിടെ ആണ് കെപിസിസി പ്രസിഡൻ്റിൻ്റെ പ്രതികരണം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കെപിസിസി യോഗത്തില്‍ നിന്ന് തനിക്കെതിരെ വാര്‍ത്ത ചോര്‍ത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ച പരാതിയില്‍ അന്വേഷണത്തിന് ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ മറികടന്ന് സൂപ്പര്‍ പ്രസിഡന്റായി സതീശന്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിമർശനമാണ് ഭാരവാഹി യോഗത്തിൽ ചിലർ ഉന്നയിച്ചത്. ഇത് പുറത്തുവിട്ട മൂന്നു ജനറൽ സെക്രട്ടറിമാർക്കെതിരെ നടപടി വേണമെന്ന് സതീശൻ നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്. ഇവരെല്ലാം കെ.സുധാകരനുമായി അടുത്ത് നിൽക്കുന്നവരാണ്. ഇതിന് മുൻപ് ഇരുവരും തമ്മിൽ പൊതുവേദികളിൽ വച്ചുണ്ടായ അസ്വാരസ്യങ്ങൾ പരസ്യമായതുമാണ്. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് കെ.സുധാകരൻ്റെ പുതിയ നീക്കം.

തന്നോട് ഒരു നേതാവിനും തർക്കമില്ലെന്നും താൻ വിമർശനത്തിന് അതീതനല്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞുവയ്ക്കുന്നു. പാർട്ടിയിലെ സാധാരണ അണികൾക്ക് പോലും തന്നെ വിമർശിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇപ്പോഴത്തെ വിമർശനങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും മാധ്യമങ്ങളുമാണ്. അതേസമയം പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് പറയുന്ന സുധാകരൻ അത് ജനാധിപത്യത്തിൻ്റെ സൗന്ദര്യമാണെന്നും വിശദീകരിക്കുന്നുണ്ട്.

താൻ അധ്യക്ഷനായ ശേഷം പാർട്ടിക്കുണ്ടായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രവർത്തകരോട് വളരെ വൈകാരികമായി സംവദിക്കുന്ന തരത്തിലാണ് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയം ആവർത്തിച്ച് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നിലെത്താനുള്ള തന്ത്രങ്ങളിലാണ് തൻ്റെ ശ്രദ്ധയെന്നും സുധാകരൻ വിശദീകരിക്കുന്നു.

കെ. സുധാകരൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

എനിക്കേറ്റവും പ്രിയപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകരോട്….

കഴിഞ്ഞ നിയമസഭയ്ക്ക് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റക്കെട്ടായി പ്രവർത്തിച്ച് നമ്മൾ വിജയിച്ചു. ഇതുകണ്ട് വിറളി പിടിച്ച ചില മാധ്യമ സ്ഥാപനങ്ങൾ കൊടുക്കുന്ന വ്യാജ വാർത്തകളിൽ നിങ്ങളാരും തളരരുത്. നിങ്ങളിൽ ആവേശവും അഭിമാനവും ഉണ്ടാക്കുന്ന പദ്ധതികൾ പടിപടിയായി നടപ്പിലാക്കുന്ന ശ്രമത്തിലാണ് കോൺഗ്രസ് പാർട്ടി.

കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ ‘ക്യാപ്റ്റൻ’ എന്ന തലക്കെട്ടോടെ, നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുൻപ് അഭിമുഖം നടത്തി കേരളത്തെ വഞ്ചിച്ച ചില മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളും ആണ് ഈ അധമ വാർത്തകളുടെ പിന്നിൽ . എകെജി സെന്ററിൽ നിന്ന് എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കീശയിലാക്കി ഇവർ വീണ്ടും കോൺഗ്രസ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ സ്നേഹത്തോടെ ഇത്തരക്കാരോട് പറഞ്ഞുകൊള്ളട്ടെ, അതൊന്നും ഇനിയും ഇവിടെ ചിലവാകില്ല!

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ കോൺഗ്രസ്‌ ഇല്ല. എന്നാൽ എനിക്കോ എന്നോടോ യാതൊരു തർക്കങ്ങളും ഈ പാർട്ടിയിലെ ഒരു നേതാവിനുമില്ല. വിമർശിക്കാൻ ഈ പാർട്ടിയിൽ വലുപ്പ ചെറുപ്പം നോക്കേണ്ട കാര്യവുമില്ല. അത് തന്നെയാണ് ഈ ജനാധിപത്യ പാർട്ടിയുടെ സൗന്ദര്യവും. ഇത്രത്തോളം വിഷത്തിന്റെ കൂരമ്പുകൾ എയ്തിട്ടും, ഇന്നും, നിങ്ങളുടെ ചാനലിനെ സിപിഎമ്മിനെ പോലെ ബഹിഷ്കരിക്കാൻ തയ്യാറാകാത്ത ആ വലിയ ചിന്തയുടെ പേരാണ് ‘കോൺഗ്രസ്‌ ജനാധിപത്യം’. ആ മഹത്തായ ചിന്ത എന്താണെന്ന് നിങ്ങൾക്ക് എന്നെങ്കിലും മനസ്സിലാകുമെന്ന് ഞങ്ങൾ കരുതുന്നുമില്ല.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസിനെ മാറ്റി ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ആ ഉത്തരവാദിത്വം തന്നെയാണ് പിസിസി പ്രസിഡന്റ്‌ ആയി ചുമതലയേറ്റ നാൾ മുതൽ എന്നിൽ അർപ്പിതമായത്.

യുഡിഎഫ് അണികൾ നൽകുന്ന സ്നേഹമാകുന്ന കവചവും ധരിച്ചാണ് എന്നും ഞാൻ നടന്നിട്ടുള്ളത്.

എന്റെ പ്രിയ പ്രവർത്തകരേ….

നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു. നമ്മൾ ഒരുമിച്ച് ആ ലക്ഷ്യം കണ്ടിരിക്കും. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിയുന്നതാണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. അതിലധികം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

പിണറായി വിജയന്റെ സ്വർണ്ണക്കടത്തിലെ വിഹിതവും വാങ്ങിച്ച് കോൺഗ്രസ്സിനെതിരെ പ്രചണ്ഡ വ്യാജ പ്രചാരണവുമായി ആര് തന്നെ ഇറങ്ങിയാലും ….
എന്നെ ഏൽപിച്ച ചുമതല അതിന്റെ മുറയ്ക്ക് തന്നെ നടക്കും. നടത്തും.

ജനിച്ചത് കോൺഗ്രസ്സിലാണ്. ജീവിക്കുന്നതും കോൺഗ്രസ്സിലാണ്. ഇനി മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി എന്റെ കയ്യിലുണ്ടാകും.

കെ സുധാകരൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top