കോണ്‍ഗ്രസിന്റെ സംസ്‌കാര സാഹിതിയില്‍ നിന്ന് ആന്റോ ജോസഫ് പുറത്തേക്ക്; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് തിരിച്ചടിയായി; സജീന്ദ്രനും ഹാപ്പി

കെപിസിസിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നിര്‍മ്മാതാവ് ആന്റോ ജോസഫിനെ പുറത്താക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇന്നോ നാളെയോ സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറി എം ലിജു ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. ആന്റോ ജോസഫിന്റെ നിയമനത്തിനെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടൊപ്പമാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് കൂടി വന്നത്. ഇതോടെയാണ് നടപടി വേണമെന്ന ആവശ്യം ശക്തമായത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ വിളച്ചുവരുത്തി അപമാനിച്ചു, മാനസികമായി പീഡിപ്പിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നീ പരാതികളാണ് വനിതാ നിര്‍മ്മാതാവ് പോലീസില്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള 9 അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കേസ് കൈമാറിയിട്ടുണ്ട്.

ഈ പരാതി കൂടി വന്നതോടെയാണ് ആന്റോ ജോസഫിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ധാരണയായത്. 2023ലാണ് ആന്റോയെ സംസ്‌കാര സാഹിതി ചെയര്‍മാന്‍ സ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിയമിച്ചത്. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ നിയമനം. എന്നാല്‍ ഇതിനെതിരെ എറണാകുളം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കെപിസിസി വൈസ്പ്രസിഡന്റ് വിപി സജീന്ദ്രന്‍ പാര്‍ട്ടി തീരുമാനിത്തിനെതിരെ രംഗത്ത് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ പിവി ശ്രീനിജനൊപ്പം ചേര്‍ന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചയാളാണ് ആന്റോ ജോസഫ് എന്നായിരുന്നു സജീന്ദ്രന്റെ പരാതി. ട്വന്റി ട്വന്റിയുമായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നിലും ആന്റോ ആയിരുന്നു. മത്സരിക്കാതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ആന്റോ ചെലുത്തിയിരുന്നു എന്നും സജീന്ദ്രന്‍ ആരോപിച്ചിരുന്നു. സിറ്റിങ് എംഎല്‍എയായിരുന്ന സജീന്ദ്രന്‍ 2700 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പിവി ശ്രീനിജനോട് പരാജയപ്പെട്ടത്. ശ്രീനിജന് എല്ലാ സഹായവും ചെയ്തത് ആന്റോ ജോസഫാണെന്ന വിവരം അന്ന് തന്നെ പുറത്തു വന്നിരുന്നു. 62 ലക്ഷം രൂപ ശ്രീനിജന് ആന്റോ ജോസഫ് കടമായി നല്‍കിയിരുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖകളില്‍ നിന്നും വ്യക്തമായിരുന്നു.

തന്റെ പരാതിയില്‍ ഇതുവരെ നടപടിയുണ്ടാകാത്തതില്‍ സജീന്ദ്രന്‍ അസ്വസ്ഥനായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതികൂടി വന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല എന്ന സാഹചര്യത്തിലാണ് ആന്റോയുടെ സംരക്ഷകര്‍ കൈവിട്ടതും നടപടി എന്ന ധാരണ ഉണ്ടായിരിക്കുന്നതും. കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷിന് സംസ്‌കാര സഹിതിയുടെ ചുമതല കൈമാറാനാണ് നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top