ചുമ്മാ കുറെ കെപിസിസി സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് ക്യാമ്പിലേക്ക് ക്ഷണമില്ലാത്ത നേതാക്കൾ

വരാനിരിക്കുന്ന പഞ്ചായത്ത് – നിയമസഭ ഉപതിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി കെപിസിസി എക്സിക്യൂട്ടീവ് ക്യാമ്പ് ഇന്നും നാളെയുമായി വയനാട്ടിൽ നടക്കുന്നു. പക്ഷേ, ഈ ക്യാമ്പിന്‍റെ ഏഴയലത്തുപോലും വരാനോ, പങ്കെടുക്കാനോ അനുവാദമില്ലാത്ത ഒരുപറ്റം സെക്രട്ടറിമാർ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിക്കുണ്ട്. നിലവിൽ 77 സെക്രട്ടറിമാരാണ് കെപിസിസിക്കുള്ളത്. ഇവർക്കാർക്കും ദ്വിദിന ക്യാമ്പിലേക്ക് ക്ഷണമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചിന്തൻ ശിബിരത്തിലും ഇവർക്ക് ക്ഷണമില്ലായിരുന്നു.

ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമായിരുന്ന കാലത്ത് ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും താൽപര്യപ്രകാരം സംഘടനയിൽ വേണ്ടത്ര പരിഗണനയും അക്കോമഡേഷനും കിട്ടാതിരുന്ന നേതാക്കളെ കുടിയിരുത്തിയ പദവിയായിരുന്നു സെക്രട്ടറി സ്ഥാനം. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായിരുന്ന കാലത്താണ് 77 പേരെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സെക്രട്ടറിമാരാക്കിയത്. ഇവര്‍ക്കാർക്കും കെപിസിസി ആസ്ഥാനത്ത് ഇരിപ്പിടം പോലുമില്ലായിരുന്നു. പാർട്ടിക്കുള്ളിൽ പ്രത്യേകിച്ച് പരിഗണനയും ലഭിച്ചിരുന്നില്ല. നേതാക്കളുടെ ശിങ്കിടികളായിരുന്നവർക്ക് ഒരു അലങ്കാരം മാത്രമായിരുന്നു ഈ സ്ഥാനം. മത-സാമുദായിക നേതാക്കളുടെ ശുപാർശയിൽ സെക്രട്ടറി സ്ഥാനം നേടിയവരും ഇക്കൂട്ടത്തിലുണ്ട്. മിക്കവരും കാര്യമായ സംഘടനാ പ്രവർത്തനമൊന്നും നടത്തുന്നവരുമായിരുന്നില്ല. ആകെയുള്ള 77 സെക്രട്ടറിമാരിൽ 30 പേരാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്ന് കെപിസിസിയിലെ ഒരു ഉന്നത നേതാവ് പറഞ്ഞു.

കെ സുധാകരൻ പ്രസിഡന്റായി വന്നശേഷം നടന്ന പുനഃസംഘടനയിൽ സെക്രട്ടറിമാരെ എല്ലാം ഒഴിവാക്കിയിരുന്നു. ആരെയും പുതിയതായി നിയമിച്ചുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഒഴിവാക്കിയ 77 പേർക്കും സെക്രട്ടറിമാരായി പുനർനിയമനം നല്കി. പക്ഷേ, അതിന് ശേഷം അവർ വീണ്ടും പെരുവഴിയിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പുന:സംഘടന ഉണ്ടായേക്കും. മുൻകാല യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഉൾപ്പെടെ കുറെപ്പേരെ പുതിയതായി സെക്രട്ടറിമാരായി നിയമിക്കാനിടയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top