‘രണ്ടരയേക്കറുള്ള മറിയക്കുട്ടിക്ക് വീടുവച്ച് നൽകാൻ കെപിസിസി’; യൂത്ത് കോൺഗ്രസിന് സുധാകരൻ്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടുവച്ച് നൽകാൻ കെപിസിസി. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഏക്കർ ഭൂമിയുള്ള മറിയകുട്ടിയ്ക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയെ പരിഹസിച്ചു കൊണ്ട് സുധാകരൻ പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ വീടുവച്ച് നൽകി താക്കോൽ കൈമാറാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ കൃത്രിമം കാണിച്ചെന്ന് താൻ വിശ്വസിക്കുന്നില്ല. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിന് പാർട്ടി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും സുധാകരൻ അറിയിച്ചു. വ്യാജ ഐഡി കാർഡ് നിർമ്മിച്ച ആരോപണം ഗുരുതരമായിരുന്നെങ്കില്‍ അറസ്റ്റിലായവര്‍ക്ക് കോടതി ജാമ്യം നൽകുമോയെന്നും സുധാകരൻ ചോദിച്ചു.

തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്താണ് നവകേരള സദസ് സർക്കാർ നടത്തുന്നത്. ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കുമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി പൊതുജനങ്ങളെ കാണുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇങ്ങനെയാണെങ്കിൽ പരാതി സർക്കാർ ഓഫീസിൽ നൽകിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഭീകര പ്രവർത്തനം നടത്തിയിട്ട് സംരക്ഷണ പ്രവർത്തി എന്നു പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. മുഖ്യമന്ത്രിയുടെ പോക്ക് ഇത്തരത്തിലാണെങ്കിൽ പ്രതിഷേധിക്കുക തന്നെ ചെയ്യും. കരിങ്കൊടി മാത്രമല്ല വേണ്ടിവന്നാൽ പച്ചക്കൊടിയും ചുവപ്പുകൊടിയും കാണിക്കും.” – സുധാകരൻ പറഞ്ഞു.

പാലക്കാട്ടെ മുതിർന്ന നേതാവ് എ.വി.ഗോപിനാഥ് നവകേരള സദസിൽ പങ്കെടുത്താൽ നടപടിയെടുക്കും. കോൺഗ്രസുകാരനായി പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ല. ആര്യാടൻ ഷൗക്കത്ത് അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടോയെന്ന റിപ്പോർട്ട് ഇന്ന് പരിശോധിക്കും. നടപടിയെന്തെന്ന് പിന്നീടറിയിക്കാമെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡിസംബർ 5, 6 തീയതികളിൽ നടക്കുന്ന പരിപാടിയിൽ ദേശീയ – സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും സുധാകരൻ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top