പാര്‍ട്ടിക്ക് പിടി കൊടുക്കാതെ കെ.മുരളീധരന്‍; അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ വീട്ടില്‍ തേടിയെത്തി
തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകല്‍ച്ച തുടര്‍ന്ന് കെ.മുരളീധരന്‍. തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി യുഡിഎഫ് നേതൃയോഗങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ് മുരളീധരന്‍. അനുനയ നീക്കങ്ങള്‍ ശക്തമായി തുടരുന്നുണ്ടെങ്കിലും ഇതുവരെ പ്രശ്നപരിഹാരത്തിന് കഴിഞ്ഞിട്ടില്ല.
തൃശൂരിലെ പരാജയത്തെക്കുറിച്ചു അന്വേഷിക്കുന്ന കെപിസിസി കമ്മീഷന്‍ അംഗങ്ങള്‍ കെ.മുരളീധരന്റെ വീട്ടിലെത്തി. കെ.സി.ജോസഫും ടി.സിദ്ദിഖുമാണ് രാവിലെ മുരളീധരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞെങ്കിലും തൃശൂരിലെ തോല്‍വി കല്ലുകടിയായി തുടരുകയാണ്. തൃശൂര്‍ പോലെ കോണ്‍ഗ്രസിന് ആധിപത്യമുള്ള സീറ്റില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്ത് എത്തിയതിലുള്ള അസ്വാരസ്യം ഇപ്പോഴും തുടരുകയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കെപിസിസിയുടെ വിശാല എക്‌സിക്യൂട്ടീവ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്. യുഡിഎഫ് യോഗം വൈകിട്ട് അഞ്ചരയ്ക്കാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here