ഷൗക്കത്തിന് താക്കീത് മാത്രം; ഫൗണ്ടേഷന്റെ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണം

തിരുവനതപുരം: ആര്യാടൻ ഷൗക്കത്തിന് താക്കീത്. കെപിസിസി വിലക്ക് ലംഘിച്ച് മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചതിനാണ് കെപിസിസി താകീത് നൽകിയത്. സംഭവത്തിൽ ഷൗക്കത്ത് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. കൂടാതെ എൽഡിഎഫ് നടത്തിയ റാലിയിലും പങ്കെടുത്തില്ല. ഇതാണ് നടപടി കടുപ്പിക്കാത്തതിന് കാരണമെന്നാണ് വിവരം. നടപടി ഷൗക്കത്തിനെയും ഡിസിസിയെയും അറിയിച്ചു.
ആര്യാടൻ ഫൗണ്ടേഷൻ നടത്തുന്ന പരിപാടികൾ ഡിസിസിയെ നേരത്തെ അറിയിക്കണമെന്ന് കെപിസിസി അറിയിച്ചു. പാർട്ടി നിർദേശം മറികടന്നാണ് റാലി സംഘടിപ്പിച്ചത്. മലപ്പുറത്തെ എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിയിൽ പങ്കെടുത്തിരുന്നു. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന് മലപ്പുറം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
സംഭവം അന്വേഷിച്ച കെപിസിസി അച്ചടക്ക സമിതി, പ്രസിഡന്റിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് നടപടി എടുത്തത്. റാലിയുടെ പേരില്‍ കടുത്ത നടപടി വേണ്ടെന്നാണ് അച്ചടക്ക സമിതിയുടെ റിപ്പോർട്ട്. മേലില്‍ പാർട്ടി അച്ചടക്കം ലംഘിക്കരുതെന്ന മുന്നറിയിപ്പോടെ, കർശനമായി താക്കീത് ചെയ്യണമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here