മദര്‍ തെരേസക്ക് എതിരായ ആര്‍എസ്എസ് പ്രസ്താവനകളില്‍ പോര്‍മുഖം തുറക്കാന്‍ കോണ്‍ഗ്രസ്; ക്രൈസ്തവ വോട്ടുകള്‍ കൈവിടാതിരിക്കാന്‍ വ്യാപക പ്രചാരണം

മദര്‍ തെരേസ സേവനത്തിന്റെ മറവില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ച വ്യക്തിയാണെന്നും അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഭാരതരത്‌നം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിന്റെ പ്രസ്താവന സജീവമായി ഉന്നയിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ധാരണ. ലോകാര്യധ്യയായ മദറിനെ തുടര്‍ച്ചയായി സംഘപരിവാര്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിട്ടും ബിജെപിയോ കേന്ദ്രസര്‍ക്കാരോ ആ പ്രസ്താവനകളെ തള്ളിപ്പറയാനോ, അത് തെറ്റാണെന്ന് പറയാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഈ വിഷയം ആയുധമാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയെക്കുറിച്ച് വ്യാപക പ്രചാരണവും നടത്താനാണ് ആലോചന.

സേവനത്തിന്റെ മറവില്‍ മദര്‍ തെരേസ മതപരിവര്‍ത്തനം നടത്തുകയായിരുന്നു എന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിന്റെ പ്രസ്തവന. 2015 ഫെബ്രുരി 24 ന് രാജസ്ഥാനിലെ ഭരത്പൂരിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. മദറിനെക്കുറിച്ചുള്ള ഈ നിലപാടില്‍ ആര്‍എസ്എസ് നേതൃത്വം ഇപ്പോഴും ഉറച്ചു നില്‍ക്കയാണ്. മദറിന് നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹതയില്ലെന്നാണ് സംഘപരിവാര്‍ വാദിക്കുന്നത്.

ഡല്‍ഹി ആര്‍എസ്എസ് പ്രചാര്‍ പ്രമുഖും നേതാവുമായ രാജീവ് ടുളിയാണ് മദറിന് നല്‍കിയ ഭാരതരത്‌നം പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. യൂറോപ്പിലെ മയക്കു മരുന്ന് സംഘങ്ങളുമായി മദറിന് അടുത്ത ബന്ധമുണ്ടെന്നും ആ പണം ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുകയാണെന്നും അസാമിലെ ആഎസ്എസ് നേതാവായ രണ്‍ജീബ് കുമാര്‍ ശര്‍മ്മ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. രണ്‍ജീബ് ശര്‍മ്മ തന്റെ വാദം ഉറപ്പിക്കും വിധത്തില്‍ ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. മദര്‍ തെരേസക്കെതിരെയുള്ള സംഘപരിവാറിന്റെ ഇത്തരം നിലപാടുകളില്‍ ക്രൈസ്തവ സഭ വലിയ തോതില്‍ എതിര്‍പ്പ് അക്കാലത്ത് ഉയര്‍ത്തിയിരുന്നു. പക്ഷേ ആര്‍എസ്എസ് – ബിജെപി നേതൃത്വങ്ങള്‍ നിലപാടുകളില്‍ നിന്ന് പിന്നോക്കം പോയിട്ടുമില്ല.

അഹമ്മദാബാദില്‍ നാളെയും മറ്റെന്നാളുമായി നടക്കുന്ന എഐസിസി സമ്മേളനത്തില്‍ ഇതുസംബന്ധിച്ച രൂപരേഖ തയ്യാറാക്കിയേക്കും. വഖഫ് ബില്ലിന്റെ പേരില്‍ ബിജെപി നേതൃത്വം ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കെപിസിസി വിപുലമായ പ്രചരണത്തിന് തയ്യാറെടുക്കുന്നത്. വടക്കേ ഇന്ത്യയില്‍ വ്യാപകമായ തോതില്‍ പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മോദി സര്‍ക്കാരും കേന്ദ്ര- സംസ്ഥാന ബിജെപി നേതൃത്വങ്ങളും മൗനം തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിപുലമായ പ്രചരണത്തിന് തയ്യാറെടുക്കുന്നത്.
ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവത്തിച്ചിരുന്ന കത്തോലിക്ക വൈദികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി യുഎപിഎ നിയമ പ്രകാരം ജയിലില്‍ അടച്ചിരുന്നു. ജാമ്യം ലഭിക്കുന്നതിന് മുന്നേ മഹാരാഷ്ട്രയിലെ തലോജജെയിലില്‍ വെച്ച് മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രില്‍ 26 ന് വ്യാപകമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here