പോഷക സംഘടനാ നേതാവിനെതിരായ കൂട്ടിക്കൊടുപ്പ് ആരോപണത്തില്‍ വിളറി കോണ്‍ഗ്രസ്; ഇതുവരെ നടപടിയില്ല; പ്രതിഷേധം

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അതീവവിശ്വസതന്‍ എന്നതായിരുന്നു ലോയേഴ്‌സ് കോണ്‍ഗ്രസ് എന്ന പോഷക സംഘടനയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിനുള്ള അഡ്വ. വിഎസ് ചന്ദ്രശേഖരന്റെ യോഗ്യത. കോണ്‍ഗ്രസിനുളളില്‍ തന്നെയാണ് ഈ അഭിപ്രായമുള്ളത്. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലിയെ പോലൊരു പ്രമുഖനെ മാറ്റിയാണ് കാര്യമായ ഒരു കേസ് പോലും വാദിച്ചിട്ടില്ലാത്ത ചന്ദ്രശേഖരനെ നിയമിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണം പഠിക്കാന്‍ നിയമിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടും അതിനുപിന്നാലെയുള്ള ആരോപണങ്ങളും പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് സ്വപ്‌നത്തില്‍ പോലും കരുതാത്ത തലവേദനയാണ് ചന്ദ്രശേഖരന്‍ ഉണ്ടാക്കിയത്.

പല നടന്‍മാരും മോശമായി പെരുമാറിയെന്ന ആരോപണം തുറന്ന് പറയുന്നതിനൊപ്പം ഒരു നടി നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് ആകെ വിളറിവെളുത്തു. ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരന്‍ തെറ്റിദ്ധരിപ്പിച്ച് ഒരു നിര്‍മ്മാതാവിന്റെ മുറിയില്‍ എത്തിച്ചുവെന്നാണ് നടി പറഞ്ഞത്. മറ്റൊരാള്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു എന്നും ആരോപണം ഉണ്ടായി.

സിനിമയുടെ ലൊക്കേഷന്‍ കാണിക്കാം എന്ന് വിശ്വസിപ്പിച്ച് ബോള്‍ഗാട്ടിയിലെ ഒരു ഹോട്ടലിലേക്ക് ചന്ദ്രശേഖരന്‍ തന്നെ എത്തിച്ചു. അവിടെ വെച്ച് സിനിമയുടെ നിര്‍മാതാവ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ക്കൊപ്പം തന്നെ നിര്‍ത്തി ഇയാള്‍ കടന്നു കളഞ്ഞു എന്നും നടി ആരോപിച്ചു. പിന്നാലെ നിര്‍മ്മാതാവ് കടന്നു പിടിക്കാന്‍ ശ്രമിച്ചു. ബഹളമുണ്ടാക്കിയപ്പോഴാണ് ഇതില്‍ നിന്നും പിന്മാറിയത്. തന്റെ സമ്മതത്തോടെയാണ് റൂമില്‍ എത്തിച്ചതെന്നാണ് ചന്ദ്രശേഖരന്‍ നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നതെന്നും നടി ആരോപിച്ചു.

ഇതോടെ കോണ്‍ഗ്രസ് ആകെ പ്രതിരോധത്തിലായി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകണം, ആരോപണ വിധേയനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധത്തിന് തയാറെടുത്ത കോണ്‍ഗ്രസിന് ഇത് ഇരുട്ടടിയായി. കര്‍ശന നടപടി എന്നെല്ലാം പറഞ്ഞ് ആദ്യം തലയൂരിയെങ്കിലും ദിവസങ്ങളായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. പല നേതാക്കളും ഇത് പരരസ്യമായി തന്നെ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. മുകേഷിനെ അടക്കം വിമര്‍ശിക്കുമ്പോള്‍ പോഷക സംഘടനാ നേതാവിനെതിരെ ഒരു നടപടി പോലും എടുക്കാത്തതില്‍ വലിയ ജാള്യതയിലാണ് പല കോണ്‍ഗ്രസ് നേതാക്കളും.

സുധാകരന്റെ മകന്റെ കല്ല്യാണമായതിനാലാണ് നടപടി വൈകുന്നതെന്നാണ് വിശദീകരണം. എന്നാല്‍ മകന്റെ കല്യാണം എല്ലാം നടത്തിയശേഷം സുധാകരന്‍ നടപടി സ്വീകരിക്കുമ്പോള്‍ പൊതുജനമധ്യത്തില്‍ നാറാനുളളത് മുഴുവന്‍ നാറി കഴിയുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വിവാദ പരാമര്‍ശനത്തിന് ഒരു വിശദീകരണം ഇതുവരെ വി.എസ്. ചന്ദ്രശേഖരന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇതോടെ ലോയേഴ്‌സ് കോണ്‍ഗ്രസിലും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ചതിയില്‍ കൂടി മറ്റൊരാളുടെ ലൈംഗിക വേട്ടക്ക് വേണ്ടി കെണി ഒരുക്കിയെന്ന അത്യന്തം ഹീനവും നിന്ദ്യവും ക്രൂരവുമായ ആരോപണം നേരിടുന്ന ചന്ദ്രശേഖരനെ പദവികളില്‍ നിന്നും നീക്കണമെന്ന് വനിതാ അഭിഭാഷകരും ആവശ്യപ്പെട്ടു.

പ്രതിഷേധക്കുറിപ്പ് ഇറക്കിയ ഹൈക്കോടതിയിലെ വനിതാ അഭിഭാഷകര്‍

  • അഡ്വ സറീന ജോര്‍ജ്ജ്
  • അഡ്വ ശ്രീലത പരമേശ്വരന്‍
  • അഡ്വ. രാജശ്രീ
  • അഡ്വ. സതി നാരായണന്‍
  • അഡ്വ. ബിന്ദു ഗോപിനാഥ്
  • അഡ്വ. റെനി ജെയിംസ്
  • അഡ്വ. ജെസ്സി ജോര്‍ജ്ജ്
  • അഡ്വ. ലാലിസ
  • അഡ്വ. രഞ്ജു എന്‍.
  • അഡ്വ. ഷീന റഫീക്ക്
    whatsapp-chats

    കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

    Click here
    Logo
    X
    Top