‘പോലീസ് ഓഫീസർമാരുടെ ബലാത്സംഗപരമ്പര’യോ; വാര്‍ത്തയ്ക്ക് എതിരെ പ്രതിഷേധവുമായി പോലീസ് അസോസിയേഷൻ
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ). പ്രാഥമികമായി അന്വേഷിച്ച് വേണം ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടാന്‍. ‘പോലീസ് ഓഫീസർമാരുടെ ബലാത്സംഗപരമ്പര’ എന്നൊക്കെ വാര്‍ത്ത നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ വന്ന സ്ത്രീയെ സിഐയും ഡിവൈഎസ്പിയും എസ്പിയും പീഡിപ്പിച്ചു എന്നൊക്കെ പറയുമ്പോള്‍ അസ്വാഭാവികതയുണ്ട്. എന്നിട്ടും അത് വാർത്തയാക്കി എന്നത് അത്യന്തം ഖേദകരമാണ്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കെപിഒഎ ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജുവിന്റെ പ്രതികരണം.
“അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ. ഇതാണ് അസോസിയേഷന്‍ നിലപാട്. വാർത്ത മൂലം സമൂഹത്തിൽ ഒറ്റപ്പെടുന്ന ഉദ്യോഗസ്ഥർക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്കും, മാനഹാനിക്കും ആര് ഉത്തരവാദിയാകും? അവര്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാം. അസോസിയേഷന്‍ പിന്തുണയ്ക്കും.” – ബിജു വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരെ,
വർത്തമാനകാലത്ത് പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങൾ ഉയരുകയും അതിൽ വലിയ ചർച്ചകളും അന്വേഷണങ്ങളും നടപടികളും എല്ലാം ഉണ്ടാകുന്നുണ്ട്. അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്.
എന്നാൽ ഇന്ന് ( 6/09/2024) മുതൽ ഒരു വാർത്താ ചാനൽ “പോലീസ് ഓഫീസർമാരുടെ ബലാത്സംഗപരമ്പര” എന്ന വാർത്ത നൽകുന്നത് കാണാനിടയായി.
ഇത്തരം വാർത്തകൾ നൽകുന്നതിന് മുമ്പ് ഒരു പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകേണ്ടതുണ്ട്. ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്ന സ്ത്രീയെ പരാതി അന്വേഷിച്ച IP പീഡിപ്പിച്ചു എന്നും, IP പീഡിപ്പിച്ചു എന്ന പരാതിയുമായി Dysp യുടെ അടുത്ത് ചെന്നപ്പോൾ Dysp പീഡിപ്പിച്ചു എന്നും, DYSP പീഡിപ്പിച്ചു എന്ന പരാതിയുമായി SP യെ കണ്ടപ്പോൾ SP പീഡിപ്പിച്ചു എന്നും പരാതി പറയുമ്പോൾ അത് കേൾക്കുന്ന ആർക്കും അസ്വാഭാവികത ബോധ്യപ്പെടും. എന്നിട്ടും അത് വാർത്തയാക്കി എന്നത് അത്യന്തം ഖേദകരമാണ്.
നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി നൽകുന്ന ഒരു വ്യാജവാർത്ത മാത്രമാണ് ഇതെങ്കിൽ, ഈ വാർത്ത മൂലം സമൂഹത്തിൽ ഒറ്റപ്പെടുന്ന, ഇതിൽ കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്കും, മാനഹാനിക്കും ആര് ഉത്തരവാദിയാകും? ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിയമ നടപടികളുമായി മുന്നോട്ടുപോകാം. അങ്ങനെ മുന്നോട്ടു പോകുന്നവർക്കൊപ്പം കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഉണ്ടാകും എന്ന് കൂടി അറിയിക്കട്ടെ.
CR.ബിജു (ജനറൽ സെക്രട്ടറി)
KPOA
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here