SV Motors SV Motors

പെരിയയിലെ വിവാദ കല്യാണ വിരുന്നില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തത് തെറ്റെന്ന് കെപിസിസി അന്വേഷണ സമിതി; രക്തസാക്ഷികളെ അപമാനിച്ചു; റിപ്പോർട്ട് ഉടന്‍ നല്‍കും

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ഗൗരവമുള്ള സംഭവമെന്ന് കെപിസിസി അന്വേഷണ സമിതിയുടെ വിലയിരുത്തല്‍. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് പെരിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയ്ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് ഇടപെട്ട് രണ്ടംഗ അന്വേഷണ സമതിയെ നിയമിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ പിഎം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രമണ്യന്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.

‘ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത തെറ്റാണ് സംഭവിച്ചത്. രക്തസാക്ഷികളെ അപമാനിക്കുന്ന പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്. കേസിന്റെ വിചാരണ നടക്കുന്ന ഈ ഘട്ടത്തില്‍ നേതാക്കള്‍ വിരുന്നുണ്ണാന്‍ പോയത് അക്ഷന്തവ്യമായ തെറ്റാണെന്ന്’ ഒരു സമിതി അംഗം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഉടന്‍ തന്നെ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരട്ടക്കൊലക്കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍സെക്രട്ടറിയുമായ ബാലകൃഷ്ണന്റെ മകന്റെ കല്യാണ സല്‍ക്കാരത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്. ബാലകൃഷ്ണന്റെ മകന്റെ കല്യാണത്തിന്റെ പിറ്റേന്ന് നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത്.

2019 ഫെബ്രുവരി ഏഴിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. പ്രദേശത്തെ നിരവധി സിപിഎം നേതാക്കളും പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്. രാഷ്ടീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ഈ രണ്ട് യുവാക്കളുടേയും കൊലപാതകം സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top