നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുന്നെന്ന് മന്ത്രി റിയാസ്; പിഎസ്‍സി അംഗത്വത്തിന് പണം വാങ്ങിയില്ലെന്ന് പ്രമോദ് കോട്ടൂളി

പിഎസ്‍സി അംഗത്വത്തിന് തന്റെ പേരില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ്‌ റിയാസ്. തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് മന്ത്രി പറഞ്ഞു. “ആരോപണത്തിന്റെ ലക്ഷ്യമെന്താണ് എന്ന് ജനങ്ങള്‍ക്ക് അറിയാം. ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്ന് ബോധ്യമായാല്‍ ആരും അത് തിരുത്താറില്ല. ഇത് അന്യായമാണ്. അതിനാല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് എതിരെ, വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാമ്പില്ലാത്ത കാര്യങ്ങളിലേക്ക് താന്‍ തുടര്‍ച്ചയായി വലിച്ചിഴയ്ക്കപ്പെടുന്നു. തട്ടിപ്പുകള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണ് ഇടതുമുന്നണി സര്‍ക്കാര്‍.” – മന്ത്രി പറഞ്ഞു.

അതേ സമയം പിഎസ്‍സി അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന സിപിഎം നേതാവ് പ്രമോദ് കോട്ടൂളിയും പ്രതികരിച്ചിട്ടുണ്ട്. പിഎസ്‍സി നിയമനത്തിന് തന്നെ ആരും സമീപിച്ചിട്ടില്ല എന്നാണ് പ്രമോദ് പറഞ്ഞത്. പണം വാങ്ങിയിട്ടില്ല. ആരോപണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ല. പാര്‍ട്ടി വിശദീകരണം തേടിയിട്ടില്ലെന്നും പ്രമോദ് പറയുന്നു.

പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം ഗൗരവകരമായ അന്വേഷണമാണ് നടത്തുന്നത്. പാർട്ടി കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ്. പ്രമോദ് കോട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പ്രമോദിനെ ഉടന്‍ നീക്കുമെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top