ചെന്നിത്തല തന്നെ ചവിട്ടിയെന്ന് പന്തളം; കെ.ആര്‍. നാരായണന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ ഇര
തിരുവനന്തപുരം: കൈപിടിച്ച് ഉയർത്താൻ ലഭിച്ച അവസരങ്ങളിലൊന്നും ആത്മ സുഹൃത്തായ രമേശ് ചെന്നിത്തല സഹായിച്ചില്ലെന്ന് പന്തളം സുധാകരന്‍. ഭാഗ്യം കൊണ്ട് ചെന്നിത്തല ഉയരങ്ങളിലെത്തി. അദ്ദേഹത്തിൻ്റെ ഒപ്പമുണ്ടായിരുന്ന താൻ ഉയരങ്ങളിലേക്ക് പോയില്ലെങ്കിലും ചീത്തപ്പേര് കേൾക്കാതെ ഇപ്പോഴും പിടിച്ചു നിൽക്കുന്നുണ്ടെന്നും പന്തളം സുധാകരൻ കുട്ടിച്ചേർത്തു. എപ്പോഴും തന്‍റെ പോക്കറ്റിലുള്ള ആളാണ് എന്ന ചിന്തയുള്ളതുകൊണ്ട് പോക്കറ്റിൽ തന്നെ കിടക്കട്ടേ എന്ന് കരുതിയിരിക്കാം. അതുകൊണ്ടായിരിക്കും മറ്റുള്ളവരെ സഹായിച്ചപ്പോഴും തന്നെ അവഗണിച്ചത്. സൗഹൃദവും സ്നേഹവും കൂടി പോയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എവിടെവെച്ചോ എങ്ങനെയോ രമേശ് മനപ്പൂർവ്വം തന്നെ മറന്നു പോയതാണ്. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് പന്തളത്തിന്‍റെ വെളിപ്പെടുത്തൽ.
വിശ്വപൗരനായിരുന്ന മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ കോൺഗ്രസ് നേതൃത്വം പല തവണ അപമാനിക്കുകയും അവഗണിക്കുകയും ചെയ്തു. ഹൈക്കമാൻഡിൻ്റെ നിർദേശപ്രകാരം കേരള രാഷ്ട്രീയത്തിൽ സജീവമാകാനാണ് ജവഹർലാൽ നെഹ്രു സർവകലാശാലയിലെ വിസി സ്ഥാനം രാജിവെച്ച് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. അദ്ദേഹത്തിൻ്റെ വരവിനെ കെ.കരുണാകരൻ അടക്കമുള്ളവർ സ്വാഗതം ചെയ്തിരുന്നു. മെംബർഷിപ്പ് സ്വീകരിക്കാൻ കെപിസിസി ആസ്ഥാനത്തെത്തിയ കെ.ആർ.നാരായണനെ തിരുവനന്തപുരം ഡിസിസി ഓഫീസിലേക്കയച്ച് അപമാനിച്ചു. അദ്ദേഹത്തിൻ്റെ മഹത്വമറിയാമായിരുന്ന ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായ തലേക്കുന്നിൽ ബഷീർ എല്ലാ ആദരവും നൽകി സ്വീകരിച്ചതായും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരത്ത് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹത്തോട് വിശാല ഹൃദയരായ സംസ്ഥാനത്തെ നേതാക്കൾ ഒറ്റപ്പാലം സംവരണ മണ്ഡലത്തിൽ പോയി മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് മത്സരിച്ചാൽ ശരിയാവില്ലെന്ന് പറയാതെ പറയുകയായിരുന്നു നേതൃത്വമെന്നും അദ്ദേഹം വെളിപ്പെടുത്തി. ജാതി സമവാക്യങ്ങൾ കാരണം ഒറ്റപ്പാലത്ത് മത്സരിക്കേണ്ടി വന്നെങ്കിലും അവിടുത്തെ എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന് വേണ്ടി ഇറങ്ങി. ഒറ്റപ്പാലത്തെ ജനങ്ങൾ ജാതി നോക്കാതെ ദേശീയ താല്പര്യത്തിനൊപ്പം നിന്നു. ആ മണ്ഡത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത തനിക്കും നേരിട്ട് അനുഭവമുള്ള കാര്യമാണെന്നും പന്തളം സുധാകരൻ പറഞ്ഞു.
ഒറ്റപ്പാലത്ത് രണ്ടാം തവണ മത്സരിക്കാനിറങ്ങിയ കെ.ആർ. നാരായണനെ കോൺഗ്രസിലെ ഐ ഗ്രൂപ്പും എ ഗ്രൂപ്പും ചേർന്ന് അപമാനിച്ചെന്നും അഭിമുഖത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി. സിറ്റിംഗ് സീറ്റിൽ കെ.ആർ.നാരായണനൊപ്പം മറ്റൊരു സ്ഥാനാർത്ഥിയുടെ പേരും കെ കരുണാകരൻ, എകെ ആൻ്റണി, ഉമ്മൻ ചാണ്ടി എന്നവർ അടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ചർച്ചക്കിടയിൽ കെ.ആർ.നാരായണൻ രോഷാകുലനായി “തനിക്കെന്താണ് അയോഗ്യത ” എന്ന് ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറി ചോദിച്ചു. കെ.ആർ.നാരായണൻ്റെ പേരും ഐ ഗ്രൂപ്പ് കാരനായ കെ.കെ.ബാലകൃഷ്ണൻ്റെ പേരും പാനലിലിട്ടാണ് ഹൈക്കമാൻഡിന് സംസ്ഥാന നേതൃത്വം നൽകിയത്. എന്നാൽ താൻ സ്ഥാനാർത്ഥിയാകും എന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുഗ്രൂപ്പുകളും തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്താൻ മത്സരിച്ചപ്പോള്‍ കെ.ആർ.നാരായണനെ പോലുള്ള ഒരു വ്യക്തിത്വത്തെ പാനലിലിട്ട് അദ്ദേഹത്തെയും ഒപ്പം കോൺഗ്രസ് പാർട്ടിയേയും ഗ്രൂപ്പ് നേതാക്കൾ അപമാനിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
മരണശേഷവും കെ.ആർ.നാരായണനോട് കോൺഗ്രസ് സംസ്ഥാന നേതൃത്വം നീതി കാണിച്ചില്ല. കോൺഗ്രസ് പാര്‍ട്ടി അദ്ദേഹത്തിൻ്റെ ജന്മദിനമോ ചരമദിനമോ അനുസ്മരിക്കാറില്ല. കെ.ആർ.നാരായണൻ അധസ്ഥിത വിഭാഗത്തിൽ നിന്നും ഉയർന്നു വന്നയാളായതുകൊണ്ടാണ് ഇത്തരത്തിൽ അവഗണന നേരിടുന്നത്. അദ്ദേഹത്തിന് ഗ്രൂപ്പോ രാഷ്ട്രീയ പിൻഗാമികളോ ഇല്ലാതെ പോയതാണ് രണ്ടാമത്തെ കാരണം. ഗ്രൂപ്പടിസ്ഥാനത്തിലാണ് ഇപ്പോഴും കോൺഗ്രസിൽ ജൻമദിനവും ചരമദിനവുമൊക്കെ ആഘോഷിക്കാറുള്ളതെന്നും പന്തളം ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here