മിസോറമിൽ ‘മണിപ്പൂർ’ ചിലവാകില്ല; ക്രിസ്ത്യാനികൾ ബിജെപിക്കൊപ്പം; ‘കൃപാസനം’ അടഞ്ഞ അധ്യായം; അനിൽ ആന്റണി മാധ്യമ സിൻഡിക്കറ്റിനോട്

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: മിസോറമിൽ എൻഡിഎ സഖ്യത്തെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് തിരഞ്ഞെടുപ്പ് ചുമതലയിൽ മിസോറമിലേക്ക് പോകാനൊരുങ്ങുന്ന ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. മണിപ്പൂരിലെ കലാപം മിസോറമിൽ ബാധിക്കില്ലെന്നും അവിടെ ക്രിസ്ത്യൻ വിഭാഗങ്ങൾ ബിജെപിക്കൊപ്പം ആണെന്നും അനില്‍ ആന്റണി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഞായറാഴ്ചയാണ് മിസോറാമിലേക്ക് പോകുന്നത്. അവിടെ എത്തിയ ശേഷമേ അന്തരീക്ഷം എങ്ങനെയെന്ന് കൃത്യമായി മനസിലാക്കാന്‍ കഴിയൂ. ബിജെപിക്ക് ഒരു എംഎല്‍എയാണ് മിസോറമിലുള്ളത്. നാഷണല്‍ ഫ്രണ്ടിന് 27 എംഎല്‍മാരുണ്ട്. സഖ്യത്തിന്റെ കാര്യമെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. അനിൽ വിശദീകരിക്കുന്നു.

നോര്‍ത്ത് ഈസ്റ്റില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. ഭരിക്കുന്നത് ബിജെപി അനുകൂല എന്‍ഡിഎ സര്‍ക്കാരുകളാണ്. മോദിജിയുടെ നേതൃത്വത്തില്‍ വന്‍ വികസന പദ്ധതികളാണ് അവിടെയെല്ലാം നടക്കുന്നത്. ഒരു പ്രാതിനിധ്യവുമില്ലാതിരുന്ന നോര്‍ത്ത് ഈസ്റ്റില്‍ ഇന്ന് ബിജെപിയ്ക്ക് ശക്തിയുണ്ട്. ആഭ്യന്തരമന്ത്രി അമിത്ഷാ ജി മണിപ്പൂരില്‍ പല തവണ പോയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിച്ചില്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്.

കേരളത്തിലെ മാധ്യമങ്ങള്‍ പറയുന്നതു പോലുള്ള കലാപമല്ല മണിപ്പൂരില്‍ നടക്കുന്നത്. ഗോത്രവര്‍ഗ സംഘര്‍ഷമാണ് അത്. ഇരുപക്ഷത്തും കൃസ്ത്യന്‍ വിഭാഗങ്ങളുണ്ട്‌. മണിപ്പൂരിലേത് വര്‍ഗീയ കലാപമാണെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നതാണ്. അതിൻ്റെ പേരില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ബിജെപിയ്ക്ക് എതിരായിട്ടില്ല. കേരളത്തിലെ സഭകള്‍ക്കും മണിപ്പൂരില്‍ നടക്കുന്നതിനെക്കുറിച്ച് ബോധ്യമുണ്ട്. അവരുമായി ചർച്ചകൾ നടക്കുന്നുണ്ട്; അനിൽ വിശദീകരിക്കുന്നു.

എലിസബത്ത് ആൻ്റണി കൃപാസനം ധ്യാന കേന്ദ്രത്തിൽ നടത്തിയ പ്രസംഗത്തിന് ശേഷം ഇതാദ്യമായി പ്രതികരിച്ച അനിൽ ആൻ്റണി ഇങ്ങനെ പറയുന്നു; “അവിടെ പോയത് അമ്മയുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. അവിടെ പറഞ്ഞ കാര്യങ്ങളിൽ അഭിപ്രായം ചോദിക്കേണ്ടത് അമ്മയോടു തന്നെയാണ്. കൃപാസനം പോലുള്ള ഇടങ്ങളിലൊന്നും ഞാൻ പോകാറില്ല. വിശ്വാസം വ്യക്തിപരമായ കാര്യമല്ലേ. അത് ഉയര്‍ത്തിക്കാണിക്കാനോ പരസ്യമായി ചര്‍ച്ച ചെയ്യാനോ ആഗ്രഹിക്കുന്നില്ല”; ഇങ്ങനെ പറഞ്ഞ് അനിൽ ആൻ്റണി വിഷയത്തിൽ നിന്ന് ഒഴിവായി.

ഏതായാലും വീട്ടിൽ ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾ ഇല്ല. എ.കെ.ആന്റണി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അതിൽ വ്യത്യാസമില്ല-അനിൽ പറഞ്ഞുനിർത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top